twenty-20

കൊച്ചി : പ്രത്യേക അനുമതിയോടെ വോട്ട് ചെയ്യാനെത്തിയ ദമ്പതികളെ വളഞ്ഞിട്ട് മർദ്ദിച്ച പാർട്ടി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത് നിസാര വകുപ്പിട്ട്. ഭീഷണികൾ ഇനിയും നിലയ്ക്കാത്തതിനാൽ വാടകവീട് മാറിയിരിക്കുകയാണ് കിഴക്കമ്പലത്ത് താമസിക്കുന്ന വയനാട് സ്വദേശികളായ പ്രിന്റുവും ഭാര്യ ബ്രിജീത്തയും. പതിനഞ്ച് വർഷമായി ഇവിടെ താമസിച്ചിരുന്ന ഇവർക്ക് വോട്ട് ചെയ്യാൻ അനുമതി ലഭിച്ചുവെങ്കിലും എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ ചേർന്ന് തടയുകയായിരുന്നു. കിഴക്കമ്പലത്ത് വർഷങ്ങളായി അധികാരത്തിലുള്ള പ്രാദേശിക പാർട്ടിയായ ട്വന്റി ട്വന്റിക്കെതിരെ കുമ്മനോട് വാർഡിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥി യുഡിഎഫ് പിന്തുണയോടെയാണു മത്സരിച്ചിരുന്നത്.

വോട്ടെടുപ്പ് ദിവസം പൊലീസ് നോക്കി നിൽക്കേ ഇരുപതോളം പാർട്ടി പ്രവർത്തകർ ദമ്പതികളെ ബൂത്തിന് തൊട്ട് മുൻപിൽ വച്ച് മർദ്ദിക്കുന്ന വീഡിയോ വൈറലായിരുന്നു. നിരവധി പേരാണ് ഈ അക്രമത്തെ അപലപിച്ചു കൊണ്ട് മുന്നോട്ട് വന്നത്. എന്നാൽ കേസിൽ അറസ്റ്റ് ചെയ്ത പതിനഞ്ചോളം പേർക്കെതിരെ നിസാര വകുപ്പുകളാണ് പൊലീസ് ചുമത്തിയതെന്നും, ഇവരെ സി പി എം നേതാവു നേരിട്ടെത്തി ജാമ്യത്തിലിറക്കുകയാണ് ഉണ്ടായതെന്നും ട്വന്റി ട്വന്റി നേതാക്കൾ ആരോപിക്കുന്നു. അക്രമത്തിന് ശേഷവും ദമ്പതികളെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്. ഇതാണ് വാടക വീട് ഒഴിയാൻ ഇവരെ പ്രേരിപ്പിച്ചത്. ദമ്പതികൾ ജോലി നോക്കുന്ന കിറ്റെക്സ് കമ്പനി നേരിട്ട് എടുത്തു നൽകിയ ഞാറന്നൂരിനു സമീപത്തെ വാടക വീട്ടിലേക്കാണ് ഇപ്പോൾ താമസം മാറിയത്.


അതേസമയം കിഴക്കമ്പലം പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷം സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ആവശ്യപ്പെട്ടതനുസരിച്ച് എറണാകുളം ജില്ലാ കലക്ടർ റിപ്പോർട്ട് സമർപ്പിച്ചു. വോട്ട് ചെയ്യാനെത്തിയ ആളുകളെ തടഞ്ഞവർക്ക് എതിരെ കേരള എപ്പിഡമിക് ഓർഡിനൻസ് അനുസരിച്ചും പഞ്ചായത്തീരാജ് നിയമമനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചും കേസെടുത്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.