akhilesh

അയോദ്ധ്യ: ഭഗവാൻ രാമൻ സമാജ്‌വാദി പാർട്ടി നേതാവാണെന്നും പാർട്ടി പ്രവർത്തകർ രാമന്റെയും കൃഷ്‌ണന്റെയും ഭക്തരാണെന്നും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. യോഗി ആദിത്യനാഥ് സർക്കാർ ചെയ്‌തതിനെക്കാൾ കാര്യങ്ങൾ താൻ അയോദ്ധ്യയിൽ ചെയ്‌തിട്ടുണ്ടെന്ന് ഓരോ കാര്യങ്ങളും എണ്ണിപ്പറഞ്ഞ് അഖിലേഷ് അവകാശപ്പെട്ടു. സരയൂ നദിക്കരയിൽ ലൈ‌റ്റുകൾ സ്ഥാപിച്ചതും രാമഭജനകൾ അവിടെ കേൾപ്പിച്ചതും താനാണെന്നായിരുന്നു അഖിലേഷിന്റെ അവകാശവാദം. വൈകാതെ താനും കുടുംബവും അയോദ്ധ്യയിൽ സന്ദർശനം നടത്തുമെന്നും അഖിലേഷ് അറിയിച്ചു.

2022ൽ നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ആകെയുള‌ള 403 സീ‌റ്റുകളിൽ 351 സീ‌റ്റുകൾ നേടി അധികാരത്തിൽ തിരികെയെത്തുമെന്നും അഖിലേഷ് അവകാശപ്പെട്ടു. വലിയ പാർട്ടികളുമായി കൂട്ടുകൂടിയത് വലിയ കുഴപ്പമായെന്നും അടുത്ത തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ചെറിയ പാർട്ടികളുമായി മാത്രമേ സഖ്യമുണ്ടാക്കൂ എന്നും അഖിലേഷ് അറിയിച്ചു. താനുമായി അകന്ന് കഴിയുന്ന അമ്മാവൻ ശിവപാൽ യാദവിനും ഒരു സീ‌റ്റ് നൽകുമെന്ന് അഖിലേഷ് പറഞ്ഞു.

കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് അഖിലേഷ് തന്റെ പിന്തുണ അറിയിച്ചു. പുതിയ നിയമം കർ‌ഷകർക്കുള്ള മരണവാറണ്ട് ആണെന്നും സർക്കാർ കർഷകർക്ക് താങ്ങുവിലയിൽ വിഭവങ്ങൾ വിൽപന നടത്താമെന്ന് ഉറപ്പ് നൽകണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.