
മാതാപിതാക്കളെയും ഗുരുനാഥരെയും മാറ്റി നിറുത്തിയാൽ ഞാൻ ഏറ്റവും അധികം ആദരവോടെയും ബഹുമാനത്തോടെയും നിറഞ്ഞ നന്ദിയോടെയും ഹൃദയത്തോടു ചേർത്തു പിടിക്കുന്ന ചിലരുണ്ട്. കണ്ണിമ ചിമ്മാതെ നമുക്ക് കാവലായി നമ്മെ സുരക്ഷിതരായ് കാക്കുന്ന സൈനികരും അന്നമൊരുക്കി നമ്മെ പോറ്റുന്ന കർഷകരും. പ്രത്യേകിച്ചും കർഷകർ. കർഷകലേബലണിഞ്ഞ് കൃഷിക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുത്ത് കൃഷിക്കാരായി വിലസുന്ന വലിയ വലിയ ഭൂവുടമകളെക്കുറിച്ചല്ല. സ്വന്തമായി ഭൂമിയില്ലാത്തവരും, ഒരൽപ്പ ഭൂമി മാത്രം സ്വന്തമായുള്ളവരും അന്യരുടെ ഭൂമി പാട്ടത്തിനെടുത്തും അല്ലാതെയുമൊക്കെ മണ്ണിനോട് മല്ലിട്ട് വിശ്രമമില്ലാതെ കഠിനാദ്ധ്വാനം ചെയ്യുന്ന യഥാർത്ഥ കർഷകരെ കുറിച്ചാണ്. കൃഷി ഒരു തൊഴിലായും ഉപജീവനമാർഗമായും കണ്ട് കൃഷിയെ മാത്രം ആശ്രയിച്ച് ജീവിതസ്വപ്നങ്ങൾ നെയ്യുന്നവർ - സാധാരണ കർഷകർ. പളപളപ്പുള്ള വിലകൂടിയ വസ്ത്രങ്ങൾ അണിയുന്നവരല്ല അവർ. ആർഭാട ജീവിതത്തിന്റെ അടയാളങ്ങളൊന്നും അവരിലുണ്ടാവില്ല. അതൊന്നും സ്വപ്നം കാണാൻ പോലും കഴിയാത്ത ഹതഭാഗ്യരാണവർ. കൊഴുപ്പേറിയ ഭക്ഷണം കഴിച്ച് ദുർമേദസ് കയറി ചുവന്നുതുടുത്ത്, ചീർത്ത് വീർത്ത് കൊഴുത്ത രൂപങ്ങളല്ല. ചേറും ചെളിയും കറയും പറ്റിയ മുഷിഞ്ഞ രൂപങ്ങൾ. മഞ്ഞും മഴയും തീകാറ്റും തീവെയിലുമേറ്റ് കരിഞ്ഞുണങ്ങിയ കറുത്ത രൂപങ്ങൾ. പക്ഷേ കഠിനാദ്ധ്വാനത്തിന്റെ കരുത്തുറ്റ കാരിരുമ്പുപോലുള്ളവർ. മണ്ണിൽ പണിയെടുക്കുന്ന പാവപ്പെട്ട കർഷകർ. ഓർക്കുക, ഒരുവേള അവർ മണ്ണിൽ നിന്ന് തങ്ങളുടെ കൈകൾ പിൻവലിച്ചാൽ മനുഷ്യകുലത്തിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതായിപോകും. മനുഷ്യജീവിതം അത്രയേറെ അവരോട് കടപ്പെട്ടിരിക്കുന്നു. അത്രമേൽ വിലമതിക്കപ്പെടേണ്ടവരാണവർ. അവർ നമുക്കായ് കരുതുന്നത് കൊണ്ടാണ് നാം നില നിന്നു പോരുന്നത്.
ഇന്ത്യയിലെ ഏറ്റവും  പ്രധാനപ്പെട്ട മേഖലയാണ് കാർഷികമേഖല, ജനസംഖ്യയുടെ പകുതിയിലേറെ  വരുന്ന ആളുകളുടെ മുഖ്യ ഉപജീവനമാർഗം  ഇന്നും കൃഷി തന്നെയാണ്. അതിനാൽ തന്നെ കാർഷിക മേഖലയിൽ വരുത്തുന്ന പരിഷ്കാരങ്ങളും നിയമനിർമ്മാണങ്ങളുമെല്ലാം കോടിക്കണക്കിന് മനുഷ്യരെയാണ് നേരിട്ടു ബാധിക്കുന്നത്. കൃഷിയുടെ ജൈവികത മനസിലേറുന്ന പാരമ്പ്യകർഷകനെ സംബന്ധിച്ചിടത്തോളം കൃഷി തൊഴിൽ മാത്രമല്ല, ജീവിതശൈലിയും സംസ്കാരവും കൂടിയാണ്. പക്ഷേ നിർഭാഗ്യവശാൽ നാഗരികതയുടെ വന്യമായ തിരയിളക്കത്തിൽ കർഷകജീവിതം അലിഞ്ഞൊടുങ്ങുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും കാണാൻ കഴിയുന്നത്. എല്ലാക്കാലത്തും കർഷകൻ അവഗണിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു; ചൂഷണവിധേയരായിക്കൊണ്ടിരിക്കുന്നു. കൃഷിക്കാരുടെ സംരക്ഷകരായി ഭാവിച്ച് കർഷകപ്രേമം പ്രസംഗിച്ച് വോട്ട് നേടി അധികാരത്തിലെത്തുന്ന രാഷ്ട്രീയപ്പാർട്ടികളൊക്കെ കർഷക വിരുദ്ധനയങ്ങൾ നടപ്പാക്കി ഏറ്റവും വലിയ കർഷക വഞ്ചകരായി മാറുന്ന വൈരുദ്ധ്യം പൊതു സമൂഹം തിരിച്ചറിയേണ്ടതുണ്ട്. പലപ്പോഴും കാലം തെറ്റിയെത്തുന്ന മഴയും ഹിംസാത്മകതയോടെ പടരുന്ന വേനലുമൊക്കെ ചേർന്ന് കർഷകജീവിതം ദുരിതപൂർണമാക്കുന്നു. അഭയമില്ലാതുഴലുന്ന കർഷകജീവിതത്തിനുമേൽ കർഷകസൗഹൃദമെന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കുന്ന ഭാവിയിലെ വൻചതിക്കുഴികളുമായി ഭരണകൂടങ്ങളുടെ ദയാരഹിതനിയമങ്ങൾ കൂടി പിടിമുറുക്കുന്നതോടെ ഒരു ദുരന്തകാവ്യം പോലെ കർഷകജീവിതം പിടഞ്ഞു തീരുന്നു. വിത്തിനും വളത്തിനുമൊക്കെ നൽകിയിരിക്കുന്ന സബ്സിഡികൾ നിറുത്തലാക്കിയതും വിലകൂട്ടിയതുമൊക്കെ നേരിട്ടുകൊണ്ട്, വായ്പയെടുത്തും കൊള്ളപ്പലിശയ്ക്ക് വഴങ്ങിയുമൊക്കെ കൃഷിയിറക്കുന്ന കർഷകൻ ആദായമൊന്നും ലഭിക്കാതെ നിരന്തരം തിരിച്ചടികൾ മാത്രം അഭിമുഖീകരിക്കേണ്ടി വരുന്നതോടെ കനത്ത പ്രതിസന്ധിയിലാകുന്നു. തങ്ങളുടെ സർവ്വ പ്രതീക്ഷകളും കൃഷിയിലർപ്പിച്ച് ജീവിതം തന്നെ സമർപ്പിച്ച് നല്ല നാളയെ സ്വപ്നം കണ്ട് വിളവെടുപ്പിനായി കാത്തിരിക്കുമ്പോൾ അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളിലും കീടബാധകളിലും സ്വപ്നങ്ങളെല്ലാം കരിഞ്ഞുണങ്ങുന്നു.

ഉൽപ്പന്നങ്ങളുടെ വിലത്തകർച്ച, തകർന്ന വില പോലും നൽകി വിളകൾ വാങ്ങി സംഭരിക്കാതെ അധികാരികൾ കാട്ടുന്ന അനാസ്ഥ, ബാങ്കുകളുടെ ജപ്തിഭീഷണി, താങ്ങാവേണ്ട ഭരണക്കൂടങ്ങളുടെ നിസ്സംഗത, തണലാകേണ്ട അധികാരികളുടെയും പൊതു സമൂഹത്തിന്റെയും അവഗണന, ഒടുവിൽ മനസുതകർന്ന് മറ്റൊരുമാർഗവും മുന്നിലില്ലാതെ, നിരാശയുടെ ആഴങ്ങളിൽ വീണ കർഷകർ ഒരു മുഴം കയറിലോ ഒരു തുള്ളി കീടനാശിനിയിലോ സ്വയം ജീവിതമൊടുക്കുവാൻ നിർബന്ധിതരാകുന്നു. എല്ലാ പ്രത്യയശാസ്ത്രങ്ങളും കർഷകനെ സ്വന്തം റിപ്പബ്ലിക്കിൽ നിന്ന് പുറത്താക്കുന്ന കൊടിയ വിഷമകാലത്ത് ആത്മഹത്യയല്ലാതെ മറ്റെന്തുവഴിയാണ് കർഷകന് മുന്നിലുള്ളത് ? 1995 മുതൽ 2020 വരെ ഇന്ത്യയിൽ നാലുലക്ഷത്തോളം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കാർഷിക ഉപദേശകൻ പി.സി. ബോധ് രചിച്ച 'ഫാർമേഴ്സ് സൂയിസൈഡ് ഇൻ ഇന്ത്യ, എ പോളിസി മലിഗ്നൻസി" എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ.
ഇന്ത്യ ദരിദ്രരും കർഷകരുമുള്ള ഗ്രാമങ്ങളിൽ ജീവിക്കുന്നുവെന്ന് പറഞ്ഞത് രാഷ്ട്രപിതാവായ ഗാന്ധിജിയാണ്. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയും രാഷ്ട്രശിൽപിയുമായ  ജവഹർലാൽനെഹ്റുവിന്റെ വിൽപ്പത്രത്തിൽ തന്റെ ചിതാഭസ്മത്തിന്റെ ഒരുഭാഗം കർഷകർ വിയർപ്പൊഴുക്കുന്ന ഇന്ത്യയിലെ വയലേലകളിൽ വിതറണമെന്നും അത് ആ മണ്ണിൽ അലിഞ്ഞു ചേരണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വായിച്ചിട്ടുണ്ട്. ഒരു കാലത്ത് ഇവിടെ ഉയർന്നുകേട്ട പ്രധാനമുദ്രാവാക്യമായിരുന്നു ജയ് ജവാൻ ജയ് കിസാൻ..... എന്നത്. ജവാനും കിസാനുമാണ് രാജ്യത്തെ സുരക്ഷിതമാക്കുന്നത്. പ്രസ്തുത മുദ്രാവാക്യത്തിൽ നിന്ന് ആറു പതിറ്റാണ്ട് കഴിഞ്ഞപ്പോൾ കർഷകൻ പുറത്തായി. ഇന്ത്യയുടെ രാഷ്ട്രീയ സംവാദങ്ങളിലൊരിടത്തും കർഷകനെ അടയാളപ്പെടുത്തുന്നതേയില്ല. ഉദാരവത്ക്കരണനയങ്ങൾ, കർഷക ജീവിതത്തെ തച്ചുതകർത്ത് മുന്നേറുകയാണ്. പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന ഉൾപ്പെടെയുള്ള പതിനേഴ് സംസ്ഥാനങ്ങളിൽ നടത്തിയ സർവേയിൽ ഒരു ഇന്ത്യൻ കർഷകന്റെ ശരാശരി പ്രതിശീർഷവരുമാനം ഇരുപതിനായിരം രൂപയിൽ താഴെ മാത്രമാണ്. ഇന്ത്യയിലെ മറ്റു തൊഴിലെടുക്കുന്ന ഏതൊരു തൊഴിലാളിക്കും ഇതിന്റെ എത്രയോ ഇരട്ടിയാണ് വരുമാനം കിട്ടുന്നത് എന്നോർക്കണം. പ്രത്യേക സാമ്പത്തിക മേഖലകൾ, വ്യവസായ പാർക്കുകൾ എന്നിവയ്ക്കുവേണ്ടി കൃഷിഭൂമി നീക്കിവയ്ക്കുന്നതുമൂലം രാജ്യത്തെ കൃഷിസ്ഥലം ഗണ്യമായി കുറഞ്ഞുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ടുവേണം കാർഷിക രംഗത്തെ പുത്തൻ പരിഷ്ക്കാരങ്ങളുമായി നമ്മുടെ ഭരണകൂടം പാർലമെന്റിൽ പാസ്സാക്കിയ കാർഷികബില്ലുകളെ വിലയിരുത്തേണ്ടത്. കൃഷിക്കാരുടെ പരിരക്ഷക്ക് എന്ന വ്യാജേന ഇന്ത്യയുടെ കാർഷിക ഉൽപ്പാദനത്തേയും വിപണനത്തെയും സംസ്ഥാനങ്ങളുടെ ഇടപെടൽ ഒഴിവാക്കി, വൻകിട കുത്തകകൾക്ക് അടിയറവുവയ്ക്കാൻ അവസരമുണ്ടാക്കുന്നതാണ് ഈ ബില്ലുകൾ. രാജ്യം ഒരു മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുമ്പോൾ കർഷകരെ വിശ്വാസത്തിലെടുക്കാതെ തിടുക്കപ്പെട്ട കൊണ്ടുവന്ന ബില്ലുകൾ കർഷകന്റെ നട്ടെല്ലൊടിക്കുമെന്നും, ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ ആകെ തകർക്കുന്ന ഈ നിയമങ്ങൾ കാർഷിക മേഖലയിലാകെ അനിശ്ചിതത്വവും വൻ തകർച്ചയും ഉണ്ടാക്കുമെന്നും തിരിച്ചറിഞ്ഞ കർഷക സംഘടനകൾ സമരമുഖത്താണ്. ഇന്ത്യ ഒരു കാർഷിക രാജ്യമാണെന്നും ഇന്ത്യയുടേത് മഹത്തായ കാർഷിക സംസ്കാരമാണെന്നുമൊക്കെയുള്ള പാഠപുസ്തകപ്പെരുമയ്ക്കപ്പുറം ഭരണകൂടങ്ങളുടെ ക്രൂരമായ അവഗണനയുടെ പാരമ്യം പേറുന്ന വിഭാഗമായി കർഷകൻ മാറിയിരിക്കുന്നു.
രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ മുഴുവൻ കർഷകർക്കൊപ്പമാണ്. കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി എത്തുന്നവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്ന വസ്തുതയാണത്. പ്രൗഢിയോടെ വിരിച്ച് അലങ്കരിച്ച തീൻമേശകളിൽ നിറയെ ഒരുക്കി വച്ചിരിക്കുന്ന സമൃദ്ധമായ സദ്യകൾക്കു മുന്നിൽ ഇരിക്കുമ്പോൾ, കൊതിയോടെ സ്വാദിഷ്ടമായ വിഭവങ്ങൾ ആസ്വദിച്ച് ആവോളം കഴിക്കുമ്പോൾ, വിശപ്പ് അകന്ന് വയറു നിറഞ്ഞ് തൃപ്തരാകുമ്പോൾ ഒരു കാര്യം നമ്മളോർക്കണം. ഈ ഭൂമിയിൽ എവിടെയൊക്കെയോ നമ്മളറിയാത്ത നമ്മളെ അറിയാത്ത കുറേ പാവം മനുഷ്യർ. അരവയറുമായി രാപ്പകലില്ലാതെ നമ്മെ അന്നമൂട്ടാനായി അദ്ധ്വാനിക്കുന്നുണ്ടെന്ന്. മണ്ണിന്റെ മനസറിയുന്നവരാണവർ; മണ്ണിനെ പ്രാണനെപ്പോലെ പ്രണയിക്കുന്നവർ. അവർ മണ്ണൊരുക്കി, നമ്മുടെ രുചിഭേദങ്ങളുടെ വിത്ത് വിതച്ച് ജീവന്റെ നാമ്പ് മുളയ്ക്കുമ്പോൾ വെള്ളവും വളവും നൽകി, ഒരു കുഞ്ഞ് വളരുന്ന പോലെ തൈവളരുന്നതും നോക്കി നോക്കി, പൂക്കുന്നതും കായ്ക്കുന്നതും കാത്ത് കാത്ത് കാവലിരിക്കുന്നവർ. ധാന്യങ്ങളും പച്ചക്കറികളും പഴവർഗങ്ങളും കായ്കനികളും മറ്റു വിളകളുമൊക്കെ വിളയിച്ചും വളർത്തു ജീവികളെ പരിപാലിച്ചും സസ്യഭുക്കിനും മാംസഭുക്കിനുമൊക്കെ വിരുന്നൊരുക്കാനുള്ള ഭക്ഷ്യവിഭവങ്ങളും ഭക്ഷ്യേതര വിഭവങ്ങളും ഉൽപ്പാദിപ്പിക്കുന്ന കർഷകരാണവർ - കാലം തോൽപ്പിച്ച പാവം കർഷകർ. കുത്തകകളെ പിന്തുണയ്ക്കുന്നവരുടെ പൂരമെരിക്കാൻ പാകത്തിലുള്ള പ്രതിഷേധാഗ്നിയുടെ ജ്വാല കെട്ടുപോകാതെ സൂക്ഷിക്കേണ്ട ബാദ്ധ്യത നമ്മുടേതാണ്. സമരങ്ങൾ തോൽക്കാനുള്ളതല്ലെന്ന ബോദ്ധ്യം വരുംകാല ജനതയ്ക്ക് പകരേണ്ട ബാദ്ധ്യത ഇന്നത്തെ തലമുറയ്ക്കുണ്ട്. അത്തരം ബോദ്ധ്യങ്ങളുടെ രൂപപ്പെടലിലേയ്ക്കാണ് കർഷക സമരങ്ങൾ പടർന്നു കയറുന്നത്. അന്തിമവിജയം തീർച്ചയായും കർഷകന്റേതാണ്. കാരണം ഇത് ജീവിക്കാനുള്ള തീവ്രമായ സമരമാണ്. നിലനിൽപ്പിനായുള്ള തീക്ഷ്ണമായ പോരാട്ടമാണ്.