
ഈ അമ്മയും മക്കളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പക്ഷേ, ഇപ്പോൾ സാന്ദ്രയെക്കാൾ കൂടുതൽ ആരാധകർ 'തങ്കക്കൊകൊലുസി"നാണെന്ന് പറയേണ്ടി വരും. അവരുടെ കുഞ്ഞിക്കൊഞ്ചലും കളിചിരിയുമെല്ലാം ആരാധകർക്ക് വേണ്ടി സാന്ദ്ര തന്നെ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. വീട്ടിൽ ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങിയതിന്റെ സന്തോഷത്തിലാണിപ്പോൾ തങ്കക്കൊലുസ്.
''എല്ലാ ഉത്സവങ്ങളും ഞങ്ങൾ ആഘോഷിക്കാറുണ്ട്. ഓണവും വിഷുവും ക്രിസ്മസും ന്യൂഇയറുമൊക്കെ നന്നായി ആഘോഷിക്കണമെന്ന് നിർബന്ധമുള്ള കൂട്ടത്തിലാണ് ഞാൻ. ഇപ്പോൾ മക്കൾക്ക് വേണ്ടിയാണ് ആഘോഷങ്ങളൊക്കെയും അടിപൊളിയാക്കുന്നത്. കുഞ്ഞുങ്ങൾക്ക് ഓർമകൾ വേണമല്ലോ. ഓരോ വർഷവും ആഘോഷങ്ങൾ സ്പെഷ്യലാക്കാൻ ശ്രദ്ധിക്കാറുണ്ട്. ക്രിസ്മസ് ട്രീയൊരുക്കാനും സ്റ്റാറിടാനുമൊക്കെ മക്കളെയും കൂട്ടി. സ്റ്റാറൊക്കെ തൂക്കിയപ്പോൾ തന്നെ അവർക്ക് കൗതുകമായി . ഇത്തവണ നിലമ്പൂരാണ് ( (ഭർത്താവിന്റെ വീട്) ഞങ്ങളുടെ ക്രിസ്മസ് ആഘോഷം."" - സാന്ദ്ര വിശേഷങ്ങൾ പങ്കുവച്ചു തുടങ്ങി.
''തങ്കക്കൊലുസിന് രണ്ടര വയസ് പിന്നിട്ടു. അവരുടെ കുറുമ്പും കുസൃതികളുമൊക്കെ എന്നെപ്പോലെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അതിൽ അമ്മമാരുണ്ട്, മുത്തശിമാരുണ്ട്.. കുഞ്ഞുങ്ങളുണ്ട്. മണ്ണറിഞ്ഞും മരം നട്ടുമൊക്കെയാണ് മക്കൾ കുട്ടിക്കാലം ആഘോഷിക്കുന്നത്. നമ്മുടെ കുട്ടിക്കാലത്ത് നമ്മൾ വളർന്നത് അങ്ങനെയല്ലേ. അതേ ഞാനും അവർക്ക് കൊടുക്കുന്നുള്ളൂ. എനിക്ക് മക്കളെ കുറിച്ച് സ്വപ്നങ്ങളൊന്നുമില്ല, നല്ല മനുഷ്യരായി വളരണമെന്ന് മാത്രേയുള്ളൂ.
മരത്തിൽ കയറരുത്, മണ്ണിൽ കളിക്കരുത്, മഴ നനയരുത് എന്നൊക്കെ ചില അച്ഛനമ്മമാർ പറയുന്നത് കേട്ടിട്ടുണ്ട്. എനിക്കെന്തോ അതു കേൾക്കുമ്പോൾ വിഷമമാണ്. എനിക്ക് കുഞ്ഞുങ്ങളുണ്ടായപ്പോൾ അവരെ മണ്ണിലിറക്കുമെന്ന് മുമ്പേ തീരുമാനിച്ചതാണ്. എന്തിനാണ് നമ്മൾ കുഞ്ഞുങ്ങൾക്ക് ഒരുപാട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അവരെല്ലാം കണ്ടും അറിഞ്ഞുമല്ലേ വളരേണ്ടത്. അനുഭവങ്ങളിൽ നിന്നും അവരതൊക്കെ പഠിക്കണം. പക്ഷേ, നമ്മുടെ രണ്ടു കണ്ണും എപ്പോഴും അവർക്ക് ചുറ്റുമുണ്ടാകണം എന്നു മാത്രം."
മക്കൾക്കൊപ്പം കളിക്കുന്ന അമ്മ
കുഞ്ഞുങ്ങളെ വളർത്തുമ്പോൾ അവരുടെ ശരീരം മാത്രം വളർന്നാൽ പോരല്ലോ. മനസും വളരണ്ടേ. കുഞ്ഞുങ്ങളുടെ മാനസികാരോഗ്യം വലിയ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ്. അല്ലാതെ എപ്പോഴും ഫോണിലേക്ക് മാത്രം നോക്കിയിരുന്നാൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് സ്വന്തമെന്ന് പറയാൻ എന്ത് അനുഭവമാണുണ്ടാകുക. അവർക്ക് ഫോൺ കൊടുത്ത് ശീലിപ്പിക്കുന്നതിന് പകരം നല്ല കഥകൾ പറഞ്ഞുകൊടുത്തും കളിക്കാൻ കൂട്ടുകൂടിയുമൊക്കെ അവരെ നമുക്ക് ചേർത്ത് പിടിക്കാവുന്നതേയുള്ളൂ. ടി വിയും ആഹാരവും മൊബൈലും മാത്രമായി എന്റെ കുട്ടികൾ മാറരുതെന്ന് ഞാൻ ആഗ്രഹിച്ചതു കൊണ്ടാണ് അവരെ എല്ലാ സ്വാതന്ത്ര്യത്തോടെയും വളർത്തുന്നത്. ചുറ്റിലുമുള്ളതെല്ലാം കണ്ടും തൊട്ടും അറിഞ്ഞ്, സഹജീവി സ്നേഹത്തോടെ വേണം വളരാൻ. അവരോടൊപ്പം മണ്ണിൽ കളിക്കുകയും മഴ നനയുകയും ചെയ്യുന്ന അമ്മയാണ് ഞാൻ.
രണ്ടാളും ചേരുമ്പോൾ തങ്കക്കൊലുസ്
മക്കളുടെ ശരിക്കുള്ള പേര് കെൻഡലിൻ, കാറ്റ്ലിൻ എന്നാണ്. പക്ഷേ, വീട്ടിൽ വിളിക്കാൻ രണ്ട് ഓമനത്തമുള്ള പേരുകൾ വേണമെന്നുണ്ടായിരുന്നു. ഉമ്മുക്കൊലുസു എന്ന പേര് ആദ്യമേ മനസിലുണ്ടായിരുന്നു, അതുമായി ചേരുന്ന മറ്റൊരു പേര് വേണമെന്നുള്ള ചിന്തയാണ് ഉമ്മിണിത്തങ്കയിലെത്തിയത്. പേര് പഴയതാണെങ്കിലും അതിനൊരു പുതുമയും കൗതുകവുമുണ്ടെന്ന് ഞങ്ങൾക്ക്  തോന്നി. എല്ലാർക്കും ഇഷ്ടപ്പെട്ടതോടെ ആ പേര് തന്നെ വിളിക്കാൻ തുടങ്ങി. ഇപ്പോൾ രണ്ടാളിനെയും ചേർത്ത് 'തങ്കക്കൊലുസ് " എന്നാണ് വിളിക്കുന്നത്. ആ പേര് ഇപ്പോൾ ഹിറ്റായി. ഞങ്ങളുടെ യുട്യൂബ് ചാനലിന്റെ പേരും അങ്ങനെയാണ്. ട്വിൻസായതുകൊണ്ട് തന്നെ രണ്ടു പേരും സദാസമയവും ഒന്നിച്ചാണ്. അറ്റാച്ച്മെന്റും കൂടുതലാണ്. ഒരാൾ വീണാൽ മറ്റേയാൾ പോയി പിടിച്ചെഴുന്നേൽപ്പിച്ച് ഉമ്മ കൊടുക്കും. അതുപോലെയാണ് കഴിക്കാൻ എന്തുകൊടുത്താലും പരസ്പരം പങ്കിട്ടേ കഴിക്കൂ.

അമ്മ ജീവിതം ആസ്വദിക്കുന്നു
അമ്മയായതു കൊണ്ട് സ്വാഭാവികമായും ഉത്തരവാദിത്തങ്ങൾ കൂടും  എന്നു കരുതി ഞാനെന്റെ കാര്യങ്ങളൊന്നും വേണ്ടെന്ന് വച്ചിട്ടില്ല. അവരുടെ കാര്യങ്ങൾക്കൊപ്പം തന്നെ എന്റെ കാര്യത്തിനും പ്രാധാന്യം കൊടുക്കാറുണ്ട്. ഞാൻ ഏറെ ആഗ്രഹിച്ചുണ്ടായ കുട്ടികളാണ് അവര്. എന്റെ ആവശ്യങ്ങൾക്ക് വേണ്ടി അവരെ മാറ്റി നിറുത്താൻ എനിക്കൊരിക്കലും പറ്റില്ല. പലപ്പോഴും ജോലിയുള്ള സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നം അതാണ്. എല്ലാം കൂടി ഒരുമിച്ച് മാനേജ് ചെയ്യാൻ പറ്റാതാവുക. പക്ഷേ, മക്കളെ നോക്കുന്നതു പോലെ തന്നെ ഞാൻ എന്റെ ജോലിക്കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. അവരുറങ്ങുന്ന സമയത്താകും ഞാൻ കൂടുതൽ എന്റെ ജോലികൾ ചെയ്യുക. വീട്ടിൽ തന്നെയാണ് എന്റെ ഓഫീസും സെറ്റ് ചെയ്തിരിക്കുന്നത്. എല്ലാവർക്കും അത് പറ്റണമെന്നില്ല. സമയത്തിന്റെ കാര്യത്തിൽ മാത്രമാണ് അഡ്ജസ്റ്റ്മെന്റുകൾ നടത്തുന്നത്. രാവിലെ നേരത്തേ എഴുന്നേൽക്കുന്ന ആളാണ് ഞാൻ. 5.30 ന് എണീക്കും. വീട്ടിലെ കാര്യങ്ങളൊക്കെ നോക്കും. ഭക്ഷണവും ഉണ്ടാക്കും. മക്കളെണീക്കുമ്പോഴേക്കും ഏകദേശം പണികളൊക്കെ തീർത്തിരിക്കും. പിന്നീട് കുറച്ച് നേരം അവർക്കൊപ്പം നടന്നും കളിച്ചുമൊക്കെ സമയം ചെലവഴിക്കും. കുളിപ്പിച്ച് അവരെ വീണ്ടും ഉറക്കിയ ശേഷമാണ് സിനിമാജോലികൾ തുടങ്ങുക. യൂട്യൂബ് വീഡിയോ എഡിറ്റ് ചെയ്യുന്നതുമൊക്കെ അവരെ ഉറക്കിയ ശേഷമായിരിക്കും.
കുഞ്ഞുങ്ങൾ മണ്ണിലിറങ്ങട്ടെ
ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലാണ് ഞാനിപ്പോൾ. എനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.  മക്കളുടെ വീഡിയോയൊക്കെ പോസ്റ്റ് ചെയ്യുമ്പോൾ പല അമ്മമാരും വന്ന് പറയാറുണ്ട് സാന്ദ്ര ഞങ്ങൾക്ക് ഇൻസ്പിറേഷൻ ആണെന്ന്.  എന്റെ മക്കളെ കണ്ടിട്ട് ആരെങ്കിലുമൊക്കെ തങ്ങളുടെ കുഞ്ഞുങ്ങളെ അതുപോലെ വളർത്താൻ തുടങ്ങിയെങ്കിൽ അതിൽ സന്തോഷം മാത്രേയുള്ളൂ. മലയാള സിനിമയിൽ വനിതാപ്രൊഡ്യൂസറായി നിന്ന് വിജയം കൈവരിച്ചപ്പോഴുള്ള സന്തോഷം തന്നെയാണ് ഇപ്പോഴും മനസിൽ തോന്നുന്നത്. എന്റെ മക്കളെ നന്നായിട്ടാണ് ഞാൻ വളർത്തുന്നതെന്ന് മറ്റുള്ളവർ പറയുമ്പോൾ അഭിമാനം തോന്നാറുണ്ട്. മക്കളെ മഴ നനയിക്കുമ്പോൾ പലരും വന്ന് പറയാറുണ്ട്, കുഞ്ഞുങ്ങളെ ഇങ്ങനെ മഴ നനയിക്കല്ലേ... ചെളിയിൽ കളിപ്പിക്കല്ലേ എന്നൊക്കെ. പക്ഷേ അത് അവരുടെ ഇമ്മ്യൂണിറ്റി പവറാണ് വർദ്ധിപ്പിക്കുന്നതെന്ന് ഞാൻ തിരിച്ചു പറയാറുണ്ട്. വീട്ടിനകത്ത് അടച്ചിടുന്ന കുട്ടികൾക്കാണ് പെട്ടെന്ന് മഴ നനയുമ്പോൾ പനിയും ജലദോഷവുമൊക്കെ പിടിപെടുന്നത്. നമ്മൾ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചാൽ ഈ പ്രശ്നങ്ങളൊന്നും വരില്ല. പുതിയ സിനികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എന്റെ പപ്പയുടെ പ്രൊഡക്ഷൻ കമ്പനി റൂബി ഫിലിംസുമായി ചേർന്ന് സൗബിനെ നായകനാക്കി നിർമ്മിച്ച 'കള്ളൻ" റിലീസ് കാത്തിരിക്കുകയാണ്. ഇനി സാന്ദ്രാതോമസ് പ്രൊഡക്ഷൻ ഹൗസിൽ നിന്നും സിനിമകൾ വരുന്നുണ്ട്. സിനിമകളുടെ ജോലി നടക്കുകയാണ്. അതിന്റെ തിരക്കുകളിലാണ് ഞാനിപ്പോൾ. ഭർത്താവ് വിൻസന്റ് തോമസാണ് ശക്തിയും പിന്തുണയുമായി കൂടെയുള്ളത്.