
കാസർകോഡ്: പെരിയ കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. പെരിയയിലെ കൊലപാതകം നടന്ന കല്യോട്ട് കൂരാങ്കര റോഡിൽ കൊലപാതക ദിവസത്തെ സംഭവങ്ങൾ പുനരാവിഷ്‌കരിക്കുകയാണ് സംഘം. നന്ദകുമാരൻ നായരുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷിക്കുന്നത്. സംഭവം നടന്ന സ്ഥലത്തെത്തിയ സി.ബി.ഐ സംഘം ആദ്യം സ്ഥലം വിശദമായി പരിശോധിച്ചു. പിന്നീട് ശരത്‌ലാലിന്റെ അച്ഛൻ ശങ്കരനാരായണന്റെ സഹോദരനോടും നാട്ടുകാരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് കേസിലെ സാക്ഷികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ സംഭവത്തിന്റെ പുനരാവിഷ്‌കരണം നടത്തി. 2019 ഫെബ്രുവരി 17നായിരുന്നു കൃപേഷ്, ശരത്‌ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെരിയയിൽ വച്ച് കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇവരെ ആക്രമിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
2019 ഒക്‌ടോബറിൽ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയുണ്ടായതിന് പിന്നാലെ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. എന്നാൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഈ വിധിക്കെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. വിധി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്യാത്തതിനെ തുടർന്ന് സുപ്രീംകോടതിയിലെത്തിയ സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതിയും തളളുകയായിരുന്നു.
കേസ് ആദ്യം അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ചിന് ഏഴ് തവണ കത്തി നൽകിയിട്ടും അന്വേഷണ വിവരങ്ങൾ കൈമാറിയിരുന്നില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് അടിയന്തിരമായി ഇവ കൈമാറാനും കേസ് ഡയറി എത്തിക്കാനും സുപ്രീംകോടതിയിലെ ജസ്‌റ്റിസ് എൽ.നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ച് ഡിസംബർ 2ന് സർക്കാർ ഹർജി തളളിയതിനൊപ്പം നിർദ്ദേശിച്ചു. തുടർന്നാണ് വിശദ അന്വേഷണം സി.ബി.ഐ ഇന്ന് ആരംഭിച്ചിരിക്കുന്നത്.
പ്രദേശത്തെ സി.പി.എം നേതാക്കൾ പ്രതികളായ കേസിൽ ഉന്നത രാഷ്‌ട്രീയ നേതാക്കൾക്കെതിരായിശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ സി.ബി.ഐ അന്വേഷിക്കും.