
പട്‌ന: ഭാര്യയെ ബലാത്സംഗം ചെയ്യാൻ സുഹൃത്തുക്കൾക്ക് അനുമതി നൽകിയ യുവാവ് അറസ്റ്റിൽ. സോനു ഹരിജൻ എന്നയാളാണ് പിടിയിലായത്. ഇയാൾ ഭാര്യയുടെ മേൽ അസിഡ് ഒഴിക്കുകയും ചെയ്തിട്ടുണ്ട്. ബീഹാറിലെ ഭഗൽപുർ ജില്ലയിലാണ് സംഭവം.
ഭാര്യയെ പണയം വച്ച് കളിച്ച ചൂതാട്ട മത്സരത്തിൽ തോറ്റതോടെ, ഇയാൾ ഒരുമാസത്തേക്ക് മുപ്പതുകാരിയെ സുഹൃത്തുക്കൾക്ക് കൈമാറുകയായിരുന്നു. സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. യുവതി വിസമ്മതിച്ചപ്പോൾ യുവാവ് അസിഡ് ഒഴിക്കുകയായിരുന്നുവെന്നും, അതല്ല ഭാര്യയെ 'ശുദ്ധീകരിക്കുന്നതിനായാണ്' ഇത്തരത്തിൽ ആസിഡ് ഒഴിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഒരുമാസം മുമ്പായിരുന്നു ചൂതുകളി. ഭാര്യയെ ചൂതാട്ടത്തിൽ പണയംവച്ചെന്നും സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു എന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. മൊഴി പരിശോധിച്ച് വരികയണെന്നും മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ യുവതിയെ സംഭവം പുറംലോകമറിയാതിരിക്കാൻ ഭർതൃവീട്ടുകാർ തടവിൽ പാർപ്പിച്ചതായും റിപ്പോർട്ടുണ്ട്. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം യുവതിയെ മുറിക്കുള്ളിൽ അടച്ചിടുകയായിരുന്നു.ഞായറാഴ്ച ഇവിടെ നിന്ന് രക്ഷപ്പെട്ട യുവതി സ്വന്തം വീട്ടിലെത്തി വിവരങ്ങൾ അറിയിച്ചു. തുടർന്ന് മാതാപിതാക്കൾക്കൊപ്പമാണ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.