
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്ക് എതിരെയുളള കർഷക പ്രക്ഷോഭം ഇരുപതാം ദിവസത്തിലേക്ക് കടന്നു. നിയമം പിൻവലിച്ച ശേഷം മാത്രം ചർച്ചയെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ. സമരം ശക്തമാക്കി ഡൽഹിയുടെ അഞ്ച് അതിർത്തികളും അടച്ച കർഷകർ ജനങ്ങൾ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾക്ക് മാപ്പു ചോദിച്ചു.
നാൽപ്പതിലേറെ കർഷക സംഘടനകളാണ് കേന്ദ്ര കാർഷിക നിയമത്തിനെതിരെ ഡൽഹിയുടെ അതിർത്തികളിൽ പ്രതിഷേധിക്കുന്നത്. ഇന്നലെ മുതൽ സമരം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി രാജസ്ഥാൻ, ഹരിയാന അതിർത്തികളും കർഷകർ ഉപരോധിക്കുകയാണ്.
അതിർത്തികൾ അടച്ചതുമൂലം പൊതുജനത്തിനുണ്ടാകുന്ന ക്ലേശങ്ങൾ കണക്കിലെടുത്ത് കർഷക സംഘടനകൾ ലഘുലേഖകൾ അടിച്ചിറക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന് മുന്നിൽ തങ്ങൾ വച്ച ആവശ്യങ്ങൾ നിരത്തികൊണ്ട് പൊതുജനത്തോട് ക്ഷമ ചോദിക്കുന്ന ഉളളടക്കമാണ് ലഘുലേഖയിലുളളത്.
'ഞങ്ങൾ കർഷകരാണ്, ഞങ്ങളെ ഭക്ഷ്യ ദാതാക്കൾ എന്ന് വിളിക്കുന്നു. പ്രധാനമന്ത്രി ഈ മൂന്ന് പുതിയ നിയമങ്ങളും സമ്മാനമായി തന്നതാണെന്ന് പറയുന്നു. ഇത് ഒരു സമ്മാനമല്ല, ശിക്ഷയാണെന്ന് ഞങ്ങൾ പറയുന്നു. നിങ്ങൾ ഞങ്ങൾക്ക് ഒരു സമ്മാനം നൽകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങളുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പ് നൽകുക. റോഡുകൾ തടയുക, പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. ഞങ്ങൾ ഇവിടെ ആവശ്യക്കാരായിട്ട് ഇരിക്കുകയാണ്. എന്നിരുന്നാലും ഞങ്ങളുടെ പ്രക്ഷോഭം നിങ്ങൾക്ക് വേദനയുണ്ടാക്കുന്നുണ്ട്. ഞങ്ങൾ കൈകൂപ്പി ക്ഷമ ചോദിക്കുന്നു. നിങ്ങൾക്ക് എന്ത് അത്യാവശ്യമുണ്ടെങ്കിലും ഞങ്ങളുടെ സന്നദ്ധപ്രവർത്തകരെ ബന്ധപ്പെട്ടാൽ മതി.' എന്നാണ് ലഘുലേഖയിൽ വ്യക്തമാക്കുന്നത്.
തങ്ങൾക്ക് ആരുടേയും ദാനം വേണ്ടെന്നും വില മാത്രം മതിയെന്നും കർഷകർ ലഘുലേഖയിൽ പറയുന്നുണ്ട്. 'ഞങ്ങൾ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയോട് പറയാൻ ആഗ്രഹിക്കുന്ന ഒരേയൊരു ആവശ്യമാണിത്. സർക്കാർ ഞങ്ങളോട് സംസാരിക്കുന്നതായി നടിക്കുകയാണെങ്കിലും ഞങ്ങൾ പറയുന്നത് കേൾക്കുന്നില്ല' എന്നാണ് കർഷകർ പറയുന്നത്.