muraleedharan

വടകര: ജമാ അത്തെ ഇസ്ളാമി മതേതര സംഘടനയാണെന്ന് വടകര എം.പിയും കോൺഗ്രസ് നേതാവുമായ കെ.മുരളീധരൻ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ മതരാഷ്‌ട്ര വാദം എന്ന നയം സംഘടന ഉപേക്ഷിച്ചു. അതിനാൽ അവർ മതേതര സംഘടനയാണെന്നും അതുകൊണ്ടാണ് ജമാ അത്തെ ഇസ്ളാമിയുമായി കൂട്ടുകൂടിയതെന്നും കെ. മുരളീധരൻ അവകാശപ്പെട്ടു. ഈ കൂട്ടുകെട്ട് യുഡിഎഫിന് ഗുണംചെയ്യുമെന്നും കെ.മുരളീധരൻ അഭിപ്രായപ്പെട്ടു.

പ്രാദേശിക നീക്കുപോക്കുണ്ടാക്കിയാൽ പാർട്ടിപ്രവർത്തകർ അത് അനുസരിക്കണമെന്നും ഇല്ലെങ്കിൽ നടപടിയെടുക്കുമെന്നും മുരളീധരൻ പറഞ്ഞു. മുക്കത്ത് പാർട്ടിയിൽ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രശ്‌നങ്ങളുണ്ടെന്നും മുരളി പറഞ്ഞു. കല്ലാമലയിലെയും വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ടതുമായ വിവാദങ്ങൾ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കില്ലെന്നും മുരളീധരൻ അവകാശപ്പെട്ടു. യു.ഡി.എഫിന്റെ പിന്തുണയോടെ സംസ്ഥാനത്ത് ഒരു നഗരസഭയും ബി.ജെ.പി ഭരിക്കില്ല. പരാജയഭീതിയിൽ സി.പി.എം പ്രവർത്തകർ കണ്ണൂ‌ർ, കോഴിക്കോട് ജില്ലകളിലെ ഉൾപ്രദേശങ്ങളിൽ യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കുകയാണെന്നും കെ.മുരളീധരൻ പറഞ്ഞു.

എന്നാൽ മുരളീധരന്റെ വാദങ്ങളെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള‌ളി രാമചന്ദ്രൻ തള‌ളിക്കളഞ്ഞു. ജമാ അത്തെ ഇസ്ളാമിയുടെ വെൽഫെയർ പാർട്ടിയുമായി കോൺഗ്രസിന് നീക്കുപോക്കോ സഖ്യമോ ഇല്ല. അത്തരം നിർദ്ദേശം നൽകിയിട്ടില്ല. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയിൽ തന്റേതാണ് അവസാനവാക്ക്. ജമാ അത്തെ ഇസ്ളാമി മതേതര പാർട്ടിയാണെന്ന നിലപാട് എ.ഐ.സി.സിക്കില്ല. പ്രാദേശിക നീക്കുപോക്കിനെ എതിർത്തവർക്കെതിരെ മുക്കത്ത് നടപടിയെടുത്തതിനെ തുടർന്നാണ് മുല്ലപ്പള‌ളി ഇങ്ങനെ പ്രതികരിച്ചത്. കെ.മുരളീധരനെ പോലെ അനുഭവ സമ്പത്തുള‌ള നേതാക്കളോട് മറുപടി പറയാൻ താൻ ആളല്ലെന്നും മുല്ലപ്പള‌ളി കൂട്ടിച്ചേർത്തു. മാദ്ധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം.മരണത്തിന്റെ വ്യാപാരികളാകാൻ സിപിഎമ്മിനല്ലാതെ ആർക്കും കഴിയില്ലെന്നും മുല്ലപ്പള‌ളി അഭിപ്രായപ്പെട്ടു.