
1971 ഡിസംബർ മാസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസത്തിന്റെ ദിവസങ്ങളായിരുന്നു. പാകിസ്ഥാൻ എന്ന ശത്രു രാഷ്ട്രത്തിന്റെ ഒരു വശത്തെ എന്നന്നേക്കുമായി ഒഴിവാക്കാൻ ഇന്ത്യയ്ക്കായി. ബംഗ്ലാദേശ് എന്ന പുതുരാഷ്ട്ര പിറവിക്കും അത് വഴിയൊരുക്കി. 49 വർഷത്തിന് മുൻപു നടന്ന ഈ വിജയത്തിന്റെ പ്രസക്തി ഇപ്പോഴും വളരെ വലുതാണ്, പ്രത്യേകിച്ച് പാകിസ്ഥാനും ചൈനയും ഒറ്റക്കെട്ടായി ഇന്ത്യയ്ക്കെതിരെ നിൽക്കുന്ന അവസരത്തിൽ. 1971 ഡിസംബർ മാസത്തിൽ ഇന്ത്യൻ വ്യോമസേന നടപ്പിലാക്കിയ ഒരു ഓപ്പറേഷനാണ് യുദ്ധം വളരെ പെട്ടെന്ന് അവസാനിക്കുവാൻ കാരണമായി തീർന്നത്. ധാക്കയിൽ കിഴക്കൻ പാകിസ്ഥാൻ ഗവർണറുടെ ഔദ്യോഗിക ബംഗ്ലാവിൽ നടത്തിയ വ്യോമാക്രമണമായിരുന്നു അത്.
ഓപ്പറേഷൻ മുന്നൊരുക്കത്തിന് കിട്ടിയത് കേവലം 45 മിനിട്ട്
ഇന്ത്യ പാക് യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കിട്ടിയ രഹസ്യവിവരമാണ് ധാക്കയിലെ ഗവൺമെന്റ് ഹൗസ് ആക്രമിക്കുന്നതിലേക്ക് നയിച്ചത്. കിഴക്കൻ പാകിസ്ഥാനിലെ ഗവർണർ ഡോ എ എം മാലിക് ഡിസംബർ 14ന് 12മണിക്ക് ഒരു രഹസ്യ മീറ്റിംഗ് ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തും എന്നായിരുന്നു വ്യോമസേനയ്ക്ക് ലഭിച്ച രഹസ്യ സന്ദേശം. മറ്റൊരു ആക്രമണ പദ്ധതി ചാർട്ട് ചെയ്ത് വിമാനങ്ങൾ സജ്ജമാക്കുന്ന തിരക്കിനിടെയാണ് ഈ നിർണായക വിവരം വ്യോമസേന അധികൃതർക്ക് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും ലഭിക്കുന്നത്. മീറ്റിംഗിന് അവശേഷിക്കുന്നത് കേവലം 45 മിനിട്ടുകൾ മാത്രം, ഗവർണർ കൂടിക്കാഴ്ച നടത്തുന്ന കെട്ടിടത്തിന്റെ രൂപരേഖ പോലും കൈയ്യിൽ ഇല്ലാത്ത അവസ്ഥ. ഒടുവിൽ ഒരു ടൂറിസ്റ്റ് മാപ്പ് നൽകി ആറ് മിഗ് 21 വിമാനങ്ങളെ തയ്യാറാക്കി ഞൊടിയിടകൊണ്ട് ആക്രമണം പ്ലാൻ ചെയ്തു. വിംഗ് കമാന്റർ ബിഷ്ണോയിയുടെ നേതൃത്വത്തിലാണ് ലക്ഷ്യം നടപ്പിലാക്കുവാൻ ഇന്ത്യൻ വ്യോമ സംഘം പുറപ്പെട്ടത്.

ജീവനും കൊണ്ട് ഓടിയ പാക് ഗവർണർ
ധാക്കയിലെ തിരക്കും അടുത്തടുത്തുള്ള കെട്ടിടങ്ങളും ഇന്ത്യൻ ദൗത്യത്തെ തടസപ്പെടുത്താൻ ഉതകുന്നതായിരുന്നു. എന്നാൽ ഇതിനിടയിലും ഗവർണറുടെ ഭവനം കണ്ടെത്താൻ കഴിഞ്ഞത് വിംഗ് കമാന്റർ ബിഷ്ണോയിയുടെയും സംഘത്തിന്റെയും നേട്ടമായി. ഗവർണറുടെ സമുച്ചയത്തിലെ കോൺഫറൻസ് റൂം കൃത്യമായി തിരിച്ചറിഞ്ഞ് വിമാനത്തിൽ ഘടിപ്പിച്ച റോക്കറ്റുകൾ അയക്കുക എന്നതായിരുന്നു ഇന്ത്യൻ വൈമാനികരുടെ അടുത്ത ലക്ഷ്യം. ഇന്ത്യൻ റോക്കറ്റുകൾ കെട്ടിടത്തെ ലക്ഷ്യമാക്കി തലങ്ങും വിലങ്ങും ചീറിപാഞ്ഞു. രഹസ്യ മീറ്റിംഗ് നടന്നിരുന്നത് ഗവർണറുടെ ഭവനത്തിലെ ഭൂഗർഭ ബില്യാർഡ്സ് മുറിയിലായിരുന്നു. കെട്ടിടത്തിന്റെ വെന്റിലേറ്റർ തകർത്ത് മുന്നേറിയ ഒരു റോക്കറ്റ് മീറ്റിംഗ് സ്ഥലത്തിന് തൊട്ടടുത്തെത്തി ഉഗ്രശേഷിയോടെ പൊട്ടുകയായിരുന്നു.
ഇന്ത്യൻ വ്യോമസേനയുടെ ഈ മിന്നാലാക്രമണം കിഴക്കൻ പാകിസ്ഥാനിലെ ഭരണാധികാരികളെ വല്ലാതെ ഭയപ്പെടുത്തി. പാകിസ്ഥാന്റെ തോൽവി മനസിലാക്കി രാജിവച്ച് ഒഴിയാൻ ഡോ മാലിക്കും മുഴുവൻ മന്ത്രിസഭയും തീരുമാനിച്ചത് തലയ്ക്ക് മുകളിൽ പതിച്ച ഇന്ത്യൻ റോക്കറ്റിന്റെ ശക്തി മനസിലാക്കിയാണ്. ഈ ആക്രമണത്തിന്റെ പിറ്റേ ദിവസം ഇന്ത്യ ധാക്ക നഗരത്തിൽ നിരവധി പ്രധാന കെട്ടിടങ്ങളിൽ ബോംബാക്രമണം നടത്തി. ഗവർണറുടെ വസതിയിൽ 40 ഓളം ആക്രമണങ്ങളാണ് നടത്തിയത്. ഇത് പാകിസ്ഥാനികളെ പൂർണ്ണമായും നിർവീര്യമാക്കി.
കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കിക്കൊണ്ട് 1971ലെ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കുവാൻ വിംഗ് കമാന്റർ ബിഷ്ണോയിയുടെയും സംഘത്തിന്റെയും ആക്രമണം കാരണമായി. കിഴക്കൻ പാകിസ്ഥാന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നു.