
ഒന്നരനൂറ്റാണ്ട് മുൻപ് കൊല്ലം പേരൂരിൽ ജനിച്ച കരുവ കൃഷ്ണനാശാൻ പ്രഭാഷണം ഒരു കലയും ആയുധവുമാക്കിയ ബഹുമുഖപ്രതിഭയായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെയും വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെയും വത്സല ശിഷ്യൻ വാഗ് വിലാസം കൊണ്ട് തിരുവിതാംകൂർ പ്രജാസഭയേയും ഇളക്കി മറിച്ചു. ഇലംപിലാശേരിൽ മാധവനാശാന്റെയും കറുമ്പിയമ്മയുടെയും മകനായി കൊ. വ. 1043 കുംഭം ഒമ്പതിന്  (1868 ഫെബ്രുവരി) പൂരാടം നക്ഷത്രത്തിലായിരുന്നു കൃഷ്ണന്റെ ജനനം. പെരുന്നെല്ലിയിൽ കൃഷ്ണൻ വൈദ്യരുടെയും പിന്നീട് വെളുത്തേരി കേശവൻ വൈദ്യരുടെയും ശിക്ഷണത്തിൽ സംസ്കൃത, വൈദ്യപഠനം. കേരളവർമ്മ വലിയകോയിത്തമ്പുരാൻ, മഹാകവി കെ. സി. കേശവപിള്ള, മൂലൂർ പത്മനാഭപ്പണിക്കർ തുടങ്ങിയവരുമായുള്ള സംസർഗം കൃഷ്ണനാശാനെ മലയാള സാഹിത്യ കളരിയിലും തേജോരൂപനാക്കി.
കരുവ കൃഷ്ണനാശാനെ പുതുതലമുറയ്ക്ക് മനസിലാക്കാൻ സഹായകരമാണ് സ്മര്യപുരുഷന്റെ ചെറുമകളും തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിനിയുമായ എ. ആനന്ദവല്ലി രചിച്ച 'കരുവാ കൃഷ്ണനാശാൻ" എന്ന ഗ്രന്ഥം. വർക്കല മുട്ടപ്പലം കലാപൂർണ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. ഹിന്ദുമതത്തിന്റെ അടിത്തറ ഇളക്കുന്ന തരത്തിൽ അവരിൽ മതപരിവർത്തനം ശക്തിപ്രാപിച്ചത് മതനേതാക്കളിൽ ആശങ്ക ഉണർത്തിയപ്പോൾ അവരിൽ ബോധവത്ക്കരണം നടത്തുന്നതിനായി ചട്ടമ്പിസ്വാമികൾ രണ്ടുപേരെ നിയോഗിച്ചു- കാവുങ്കൽ നീലകണ്ഠപിള്ളയെയും കരുവ കൃഷ്ണനാശാനെയും. മതഖണ്ഡ ശാസ്ത്രികളായിരുന്നു കൃഷ്ണനെ ഹിന്ദുമത തത്ത്വങ്ങൾ പഠിപ്പിച്ചത്. ഓച്ചിറ പരബ്രഹ്മക്ഷേത്ര പടനിലത്തും ഒട്ടേറെ ഉത്സവപ്പറമ്പുകളിലും കൃഷ്ണനാശാൻ നടത്തിയ മതപ്രഭാഷണങ്ങൾ വലിയ ചലനം സൃഷ്ടിച്ചു. സരസകവി മൂലൂർ, സി. വി. കുഞ്ഞുരാമൻ, സി. കേശവൻ തുടങ്ങിയവരുടെ പ്രശംസയ്ക്ക് കരുവ അർഹനായി. എസ്. എൻ.ഡി. പി യോഗത്തിന്റെ ആദ്യം മതപ്രഭാഷകനായും കരുവ നിയുക്തനായി.ശാകുന്തളത്തിനു പുറമേ സംസ്കൃതത്തിലുള്ള മൂന്ന് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും പരിഭാഷപ്പെടുത്തി. വിദ്യാവിലാസിനി പ്രസിദ്ധീകരിച്ച കാലത്താണ് കരുവയുടെ മികച്ച കൃതികളായ 'ചാരുചര്യാശതകം", 'വിജയധ്വജം"എന്നിവ പുറത്തുവന്നത്. ചികിത്സാക്രമ കൽപ്പവല്ലി, വൈദ്യമനോരമ, അർക്കപ്രകാശം  എന്നീ ഗ്രന്ഥങ്ങളും ശ്രദ്ധേയമാണ്. ഇവയ്ക്ക് പുറമേ ഒട്ടേറെ കവിതകളും ഉപന്യാസങ്ങളും രചിച്ചു. 1103 മുതൽ 1105 വരെയാണ് കൃഷ്ണനാശാൻ പ്രജാസഭാംഗമായി പ്രവർത്തിച്ചത്. സർക്കാർ സർവീസിൽ ഈഴവാദി  പിന്നാക്കക്കാർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കേണ്ടതിന്റെ അനിവാര്യത, ദായക്രമത്തിലെ നീതികേടുകൾ, ആയുർവേദകോളേജിലെ അശാസ്ത്രീയമായ സിലബസും പ്രവേശന മാനദണ്ഡവും പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ദിവാന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കരുവായ്ക്ക് കഴിഞ്ഞു. (കരുവയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങളും ദിവാന്റെ മറുപടിയും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്).തിരുവനന്തപുരം പേട്ട സ്കൂളിൽ അദ്ധ്യാപികയായിരുന്ന അംബുക്കുട്ടിയുടെയും 'മലയാളരാജ്യം" പത്രാധിപരായിരുന്ന പി. ദാമോദരൻ പിള്ളയുടെയും മകളാണ് ആനന്ദവല്ലി.