parliament

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് വ്യാപന ഭീഷണിയുള‌ളതിനാൽ പാർലമെന്റ് ശീതകാല സമ്മേളനം ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇത്തവണ ജനുവരി മാസത്തിൽ ബജ‌റ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കുമെന്നും പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. സർക്കാർ തീരുമാനം എല്ലാ പാർട്ടികളും അനുകൂലിച്ചെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ തങ്ങളോട് ഇക്കാര്യമൊന്നും ചർച്ച നടത്തിയിട്ടില്ലെന്നും മന്ത്രി കള‌ളം പറയുകയാമെന്നും കോൺഗ്രസ് അറിയിച്ചു.

കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ കത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി പാർലമെന്റ് സമ്മേളനം ഉപേക്ഷിച്ചു എന്നറിയിച്ചത്. എല്ലാ പാർട്ടി നേതാക്കന്മാരുമായും താൻ ഇക്കാര്യം ചർച്ച നടത്തിയെന്നും കൊവിഡ് കാരണം സമ്മേളനമുണ്ടാകില്ലെന്നുമാണ് മന്ത്രി പ്രഹ്ളാദ് ജോഷി മറുപടിയിൽ അറിയിച്ചത്. എന്നാൽ മുൻപ് സെപ്‌തംബറിൽ കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് തന്നെ പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ചേർന്നിരുന്നു. അന്ന് കാർഷിക ബില്ലുകളടക്കം 27 ബില്ലുകളാണ് സമ്മേളനത്തിൽ പാസാക്കിയത്.

ശീതകാലത്തിൽ ഡൽഹിയിൽ കൊവിഡ് കേസുകൾ വർദ്ധിച്ചെന്നും ഈ ശീതകാലം വളരെ നിർണായകമാണെന്നും അധിർ രഞ്ജൻ ചൗധരിക്ക് നൽകിയ കത്തിൽ പറയുന്നു. ആറുമാസത്തിലൊരിക്കൽ ചേരേണ്ട പാർലമെന്റ് ഫെബ്രുവരി 1ന് ബജ‌റ്റ് അവതരിപ്പിക്കുന്നതിനാൽ ജനുവരി അവസാന വാരം വിളിച്ചുകൂട്ടും.