bindu

തദ്ദേശപ്പോരിൽ ഇന്ന് ഫലം വരുന്നതോടെ കൊല്ലത്തെ രാഷ്ട്രീയക്കാറ്റിന് ഗതിമാറ്റം സംഭവിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എൽ.ഡി.എഫിന് വൻ ആധിപത്യമുള്ള തദ്ദേശസ്ഥാപനങ്ങളിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമോ? ബി.ജെ.പി കറുത്ത കുതിരയാകുമോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഇന്ന് ഉത്തരം ലഭിക്കും. തദ്ദേശഫലം എന്തായാലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾക്ക് ഇതിനകം ആക്കം കൂടിക്കഴിഞ്ഞു. കൊല്ലം നിയമസഭാ സീറ്റിനെച്ചൊല്ലി ഇടത് വലത് മുന്നണികളിൽ ആലോചനകൾക്ക് പോലും തുടക്കമായിട്ടില്ലെങ്കിലും ചിലനേതാക്കൾ ഇതിനകം കളംനിറഞ്ഞുള്ള കളി തുടങ്ങിക്കഴിഞ്ഞു. കൊല്ലം എം.എൽ.എ നടൻ മുകേഷ് തന്നെയാകും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് സ്ഥാനാർത്ഥിയെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസിലെ നേതാക്കൾ മത്സരത്തിന് കച്ച മുറുക്കുന്നത്. മുകേഷ് വീണ്ടും മത്സരിച്ചാൽ പുഷ്പം പോലെ വിജയിക്കാമെന്ന ധാരണയിൽ നിന്നുയർന്നതാണ് ഈ പ്രതീക്ഷ. ജനപ്രതിനിധിയെന്ന നിലയിൽ മുകേഷ് അമ്പേ പരാജയമാണെന്ന വിലയിരുത്തലാണ് ഇതിന് അടിസ്ഥാനം. കഴിഞ്ഞ നാലേമുക്കാൽ വർഷം മുകേഷ് കാര്യമായ ഒരു ഇടപെടലും മണ്ഡലത്തിൽ നടത്തിയിട്ടില്ലെന്ന അഭിപ്രായമുള്ളവർ സി.പി.എമ്മിൽ തന്നെ ഏറെയുണ്ട്. പാർട്ടി ചട്ടക്കൂടിന്റെ നിയന്ത്രണമുള്ളതിനാൽ പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രം. സിനിമാ നടനെന്നതിനാൽ തിരക്കുണ്ടെന്ന ആനുകൂല്യത്തിലാണ് മുകേഷ് പ്രവർത്തിക്കുന്നത്.

സ്വപ്നം ഈസി വാക്കോവർ

കോൺഗ്രസിൽ നിന്ന് പല പ്രമുഖരും കൊല്ലം സീറ്റിനായി ചരടുവലികൾ തുടങ്ങിയിട്ട് മാസങ്ങളായി. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഈ ലക്ഷ്യം വച്ചാണ് കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പ്രവർത്തിക്കുന്നത്. ഡി.സി.സി പ്രസിഡന്റായ ശേഷം ജില്ലയിലും കൊല്ലം മണ്ഡലത്തിൽ പ്രത്യേകിച്ചും അവരുടെ സജീവമായ ഇടപെടൽ എല്ലാക്കാര്യത്തിലും പ്രകടമാണ്. എന്നാൽ ബിന്ദുകൃഷ്ണയുടെ നീക്കം കണ്ടറിഞ്ഞ് ഒരു മുഴം മുമ്പേ എറിഞ്ഞ് കെ.പി.സി.സി സെക്രട്ടറിയും മുൻ ഡി.സി.സി പ്രസിഡന്റുമായ ശൂരനാട് രാജശേഖരന്റെ നീക്കമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവിയും കൊല്ലം സീറ്റിൽ ഒരുകൈ കൂടി നോക്കാൻ നിൽക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 11 അസംബ്ളി സീറ്റും എൽ.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ തൂത്തുവാരിയപ്പോഴും സൂരജ് രവി മുകേഷിനോട് തോറ്റത് 17000 ഓളം വോട്ടുകൾക്കാണ്. കോൺഗ്രസിൽ ഐ ഗ്രൂപ്പിന്റെ സീറ്റായ കൊല്ലത്ത് അന്നത്തെ കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരന്റെ പിൻബലത്തിലാണ് സൂരജിന് സീറ്റ് ലഭിച്ചത്. മുതിർന്ന സി.പി.എം നേതാവായ പി.കെ ഗുരുദാസനെ വെട്ടി പിണറായി വിജയൻ നേരിട്ട് മുകേഷിനെ കൊല്ലത്ത് സ്ഥാനാർത്ഥിയാക്കിയപ്പോൾ ഞെട്ടിയത് ഗുരുദാസൻ മാത്രമല്ല, കൊല്ലത്തെ സി.പി.എം നേതാക്കൾ ഒന്നടങ്കമാണ്. മുകേഷിന്റെ താരപ്രഭയിലും വീശിയടിച്ച ഇടത് തരംഗത്തിലും പെട്ട് മുകേഷ് അന്ന് ജയിച്ചുകയറി. എന്നാൽ ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരെ ഉയർന്നിട്ടുള്ള ഗുരുതരമായ അഴിമതി ആരോപണങ്ങളും പിന്നെ മുകേഷിനെതിരായ ജനവികാരവും ചേരുമ്പോൾ ഒരു ഈസി വാക്കോവറാണ് കോൺഗ്രസ് നേതാക്കൾ സ്വപ്നം കാണുന്നത്.

കഴിഞ്ഞ 45 വർഷത്തെ കൊല്ലം മണ്ഡല ചരിത്രം പരിശോധിച്ചാൽ ഈഴവ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളാണ് (ഇടതിലും വലതിലും) ജയിച്ചിട്ടുള്ളത്. ഈഴവ വോട്ടർമാർക്ക് മുൻതൂക്കമുള്ള മണ്ഡലത്തിന്റെ ജാതി സമവാക്യങ്ങൾ 2011 ലെ ഡീലിമിറ്റേഷനിലൂടെ മാറിയതായി പറയപ്പെടുന്നുണ്ടെങ്കിലും 2011 ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.സി രാജന് ജയിക്കാനായില്ല.

കൊല്ലം എൻ.എസ്.എസ് യൂണിയന്റെ പിന്തുണ ഉറപ്പാക്കിയാണ് ഇക്കുറി ശൂരനാട് രാജശേഖരൻ കൊല്ലം സീറ്റുറപ്പിക്കാൻ തുനിഞ്ഞിറങ്ങിയതെങ്കിലും ഈഴവരെ കോൺഗ്രസ് അവഗണിക്കുന്നുവെന്ന പൊതുവികാരം നിലനിൽക്കുന്നതിനാൽ ശൂരനാടിന് എത്രത്തോളം പാർട്ടി പിന്തുണ ലഭിക്കുമെന്നത് കണ്ടറിയേണ്ടതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കുറി കൊല്ലം സീറ്റിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചതായി ചില നേതാക്കൾ പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുകേഷിനോട് തോറ്റതിന്റെ സഹതാപതരംഗവും എൽ.ഡി.എഫിന്റെ ഇപ്പോഴത്തെ ദയനീയ സ്ഥിതിയും മുകേഷിനെതിരായ ജനവികാരവും ചേർന്ന് തനിക്ക് ജയിയ്ക്കാൻ കഴിയുമെന്ന് സൂരജ് രവിയും ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ ശൂരനാട് രാജശേഖരനാണ് സ്ഥാനാർത്ഥിയെങ്കിൽ മുകേഷിന് രണ്ടാം ജയം ഈസിയാകുമെന്ന് വിശ്വസിക്കുന്നവർ സി.പി.എമ്മിൽ മാത്രമല്ല കോൺഗ്രസിലുമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ മത്സരിച്ച ശൂരനാട് ബി.ജെ.പി സ്ഥാനാർത്ഥിയ്‌ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് നിലയുറപ്പിച്ചത്.

മുകേഷ് വീണ്ടും സ്ഥാനാർത്ഥിയായാൽ തങ്ങളുടെ സാദ്ധ്യതകളെ ബാധിക്കുമെന്ന് കരുതുന്നവർ സി.പി.എമ്മിലുമുണ്ട്.

ആ പതിനായിരം രൂപ

തദ്ദേശ തിരഞ്ഞെടുപ്പിനിടെ കൊല്ലം കോർപ്പറേഷനിലെ ചില സ്ഥാനാർത്ഥികൾക്ക് പതിനായിരം രൂപ വീതം നൽകിയ കോൺഗ്രസ് നേതാക്കളുടെ നടപടിയാണിപ്പോൾ കൊല്ലത്തെ കോൺഗ്രസിൽ ചർച്ചയാകുന്നത്. കൊല്ലം അസംബ്ളി മണ്ഡലം ഉൾപ്പെടുന്ന കോർപ്പറേഷൻ വാർഡുകളിലെ 16 കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും കെ.പി.സി.സി സെക്രട്ടറി ശൂരനാട് രാജശേഖരനും പതിനായിരം രൂപ വീതം സ്വന്തം പോക്കറ്റിൽ നിന്ന് നൽകിയതാണ് വിമർശന വിധേയമായത്. കഴിഞ്ഞ ദിവസം ചേർന്ന ഡി.സി.സി യോഗത്തിൽ ചില നേതാക്കൾ ഇതിനെ ചോദ്യം ചെയ്തു. ഇരവിപുരം മണ്ഡലം ഉൾപ്പെടുന്ന കോർപ്പറേഷൻ വാർഡുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ധസഹായം നൽകാതിരുന്നതെന്തെന്ന ചോദ്യത്തിന് മറുപടി നൽകാൻ നേതാക്കൾക്കായില്ല.