binoy-kodiyeri-

മുംബയ് : സി പി എം പി ബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകനെതിരെ പീഡനക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ബീഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്നാണ് കേസിൽ ആരോപിക്കുന്നത്.


വിവാഹ വാഗ്ദാനം നൽകി ബീഹാർ സ്വദേശിയെ വിദേശത്ത് വച്ച് പരിചയപ്പെട്ട ബിനോയ് പീഡിപ്പിച്ചുവെന്നാണ് കേസ്. കേസെടുത്ത് ഒന്നര വർഷത്തിനുശേഷമാണ് മുംബയ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. 678 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ബീഹാർ സ്വദേശിനിയുടെ പുത്രൻ ബിനോയുടേതാണെന്ന് പീഡന പരാതിയിൽ യുവതി ആരോപിച്ചിരുന്നു. തുടർന്ന് കോടതി സമ്മതപ്രകാരം ഡി എൻ എ പരിശോധന നടത്തിയെങ്കിലും ഫലം ഇതു വരെയും പുറത്ത് വന്നിരുന്നില്ല. പൊലീസ് കുറ്റപത്രത്തിൽ ഡിഎൻഎ പരിശോധനാ ഫലം ലാബിൽനിന്നു ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


ബീഹാർ സ്വദേശിനിയായ ബാർ ഡാൻസറെ വിവാഹവാഗ്ദാനം നൽകി ബിനോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഓഷിവാര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് തനിക്കെതിരെ ഇട്ട എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ജൂലായിൽ ബിനോയ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഡി എൻ എ പരിശോധനയ്ക്കായി തന്റെ രക്തസാമ്പിളുകൾ നൽകാൻ ബിനോയ് തയ്യാറായത്. കലീനയിലെ ഫോറൻസിക് ലാബിലാണ് ബിനോയ് തന്റെ രക്തസാമ്പിളുകൾ നൽകിയത്. നേരത്തേ രക്തസാമ്പിൾ ആവശ്യപ്പെട്ടപ്പോൾ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നായിരുന്നു ബിനോയിയുടെ വാദം. പിന്നീട് ഹൈക്കോടതിയിൽ ഹർജി പരിഗണിക്കാനുണ്ടെന്ന കാരണം പറഞ്ഞും ബിനോയ് ഡി.എൻ.എ പരിശോധനയിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.