gold

കൊവിഡും ലോക്ക്ഡൗണും കാരണം വീട്ടിൽ ആയതോടെ പലരും പുതിയ ഹോബികൾ കണ്ടെത്തി. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതിനാലാണ് പൂന്തോട്ടം മെച്ചപ്പെടുത്താൻ ബ്രിട്ടനിലെ ഹാംഷെയറിലെ ന്യൂ ഫോറസ്​റ്റ് ജില്ലയിലെ ഒരു കുടുംബം തീരുമാനിച്ചത്.
പറമ്പിൽ കുഴിയെടുത്തപ്പോൾ ലഭിച്ചത് ഇപ്പോൾ കോടികളുടെ മൂല്യമുള്ള 63 സ്വർണ്ണ നാണയങ്ങളും ഒരു വെള്ളിനാണയവുമാണ്. ബ്രിട്ടീഷ് മ്യൂസിയം അധികൃതരെ വിവരമറിയിച്ചു നടത്തിയ പരിശോധനയിൽ 15,16 നൂ​റ്റാണ്ടുകളിൽ ഇംഗ്ലണ്ട് ഭരിച്ചിരുന്ന എഡ്‌വേർഡ് നാലാമന്റെയും ഹെൻട്രി എട്ടാമന്റെയും ചിത്രങ്ങളുള്ള നാണയങ്ങളാണിതെന്ന് വ്യക്തമായി. ഒരു നാണയത്തിൽ ഹെൻട്രി എട്ടാമന്റെ ഭാര്യമാരായിരുന്ന കാതറിൻ, ആൻ, ജെയ്ൻ എന്നിവരക്കുറിച്ചുള്ള സൂചനകളുമുണ്ട്.

ഹെൻട്രി എട്ടാമന്റെ കാലത്തായിരിക്കാം ഈ നാണയങ്ങൾ കുഴിച്ചിട്ടതെന്നാണ് അധികൃതർ പറയുന്നത്. നാണയങ്ങൾ സൂക്ഷിക്കുന്ന ഒളിയിടമായിരുന്നോ എന്നത് വ്യക്തമല്ല. അക്കാലത്ത് ഈ നാണയങ്ങളുടെ മൂല്യം 2,350 രൂപയാണ്. ഇന്നത്തെ മൂല്യം 13 ലക്ഷം രൂപയും.

15,16 നൂ​റ്റാണ്ടുകളിലെ സേവനവേതന വ്യവസ്ഥകൾ പ്രകാരം സാധാരണക്കാർക്ക് അത്രയും പണം സമ്പാദിക്കാൻ കഴിയില്ല. രാജ്യത്തെ നാണയവ്യവസ്ഥയെ അഴിച്ചുപണിതയാളാണ് ഹെൻട്രി എട്ടാമൻ. അതുവരെ ഭാര്യമാരുടെ വിവരങ്ങൾ മ​റ്റൊരു രാജാവും നാണയങ്ങളിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഏതെങ്കിലും പുരോഹിതനോ വ്യാപാരിയോ ആവാം നാണയങ്ങൾ കുഴിച്ചിട്ടതെന്നാണ് നാണയ വിദഗ്ദ്ധർ പറയുന്നത്. ഈ നാണയങ്ങളുടെ പുരാവസ്തു മൂല്യം എത്രയെന്നു വിശദീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വിൽപ്പനയ്ക്ക് വച്ചാൽ കോടികളാണ് ഈ കുടുംബത്തിന് ലഭിക്കുക.