
കടന്നുപോയ കൊവിഡ്ക്കാലത്തിനപ്പുറം പ്രതീക്ഷയുടെ പുതിയ വിശേഷങ്ങളുമായി ഗായിക രഞ്ജിനി ജോസ്...
പുതിയ മ്യൂസിക്കൽ ആൽബത്തിന്റെ ജോലികൾ തീർത്ത് മടങ്ങിയെത്തിയതേയുള്ളൂ ഗായിക രഞ്ജിനി ജോസ്. കൊച്ചിയിലെ വീട്ടിൽ ക്രിസ്മസിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കക്ഷിയിപ്പോൾ. കൊവിഡിൽ മുങ്ങിപ്പോയ പ്രോഗ്രാമുകളും ഷൂട്ടുമൊക്കെ തിരിച്ചുവരുന്നതിന്റെ സന്തോഷവും രഞ്ജിനിയുടെ മുഖത്തുണ്ട്. സംഗീതയാത്രയിൽ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ രഞ്ജിനിക്ക് പറയാനേറെയുണ്ട്. വിശേഷങ്ങളിലേക്ക്...
' എല്ലാം പഴയപോലെ ആകുന്നതിന്റെ സമാധാനം ഇപ്പോഴുണ്ട്. അധികം വൈകാതെ എന്റെ പുതിയ ആൽബം റിലീസ് ചെയ്യാൻ കഴിയുമെന്നതാണ് പുതിയ സന്തോഷം. ഒപ്പം, ക്രിസ്മസ് ആഘോഷങ്ങളും തുടങ്ങിയിട്ടുണ്ട്. സ്റ്റാർ തൂക്കി, ക്രിസ്മസ് ട്രീ ഒരുക്കി... കുറേ നാളായി ജീവിതമാകെ ഒരു മടുപ്പ് ബാധിച്ചതു പോലെയായിരുന്നല്ലോ. എത്രയും പെട്ടെന്ന് ഈ കൊവിഡ്കാലം മാഞ്ഞ് നമ്മുടെ പഴയ നാളുകൾ തിരിച്ചു കിട്ടണേയെന്നാണ് ഇപ്പോഴത്തെ പ്രാർത്ഥനയും പ്രതീക്ഷയും. "
20 കൊല്ലത്തിനിടയിൽ ഇതാദ്യം
കരിയറിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്. പൊതുവേ എപ്പോഴും ഷോകളുമായി തിരക്കിലാകാറാണ് പതിവ്. മാർച്ച് മുതൽ ഷോകൾ മുടങ്ങി. ഞങ്ങളെ പോലുള്ള ആർട്ടിസ്റ്റുകളുടെ പ്രധാന വരുമാനമാണ് നിലച്ചത്. അന്ന് പ്ലാൻ ചെയ്തിരുന്ന ഷോ മുടങ്ങിയപ്പോഴൊന്നും ഇതിത്രയും നാൾ നീണ്ടുനിൽക്കുമെന്ന് കരുതിയിരുന്നില്ല. മാനസികമായി തളർന്ന സമയങ്ങളാണ് കടന്നു പോയത്. അതിനെയൊക്കെ അതിജീവിച്ചത് കുറച്ച് പാട്ടുകൾ പാടിയാണ്. സംഗീതം തന്നെയാണ് ഈ കാലത്തെ കടന്നുപോകാനുള്ള ഊർജമേകിയത്. നന്നായി സമയമെടുത്ത് പുതിയ വർക്കുകൾ ചെയ്ത് തീർക്കാൻ പറ്റിയെന്നതാണ് ഏക ആശ്വാസം. കുറച്ച് പാട്ടുകളൊക്കെ ചെയ്തു. ഇപ്പോൾ അതിന്റെ റിലീസിംഗിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയാണ്. പിന്നെ, ഓൺലൈൻ ജീവിതത്തിലേക്ക് നമ്മളെല്ലാം മാറിയല്ലോ. ഫേസ്ബുക്കിൽ ഒത്തിരി ലൈവ് പോയി, യുട്യൂബിലും കുറച്ച് ആക്ടീവായി. എന്നുകരുതി ഒരുപാട് വീഡിയോകളൊന്നും ചെയ്തിട്ടില്ല. വ്ലോഗൊന്നും ചെയ്യാൻ താത്പര്യമില്ല. എന്റെ ചാനലിൽ പാട്ട് മാത്രം മതിയെന്ന നിർബന്ധമുണ്ട്. ആർട്ടിസ്റ്റ് എന്ന നിലയിൽ ചെയ്യുന്ന മേഖലയോട് നൂറ് ശതമാനം നീതി പുലർത്തണമെന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ.

സംഗീതം മാറുകയാണ്
ഇൻഡിപ്പെൻഡന്റ് മ്യൂസിക്കിന് ഏറെ അവസരമുള്ള സമയമാണ് ഇത്. സിനിമയിൽ പാടിയേ തീരു എന്ന ചിന്തയൊന്നും ഇപ്പോഴാർക്കുമില്ല. സിനിമയും മ്യൂസിക്കും രണ്ടും രണ്ടാണ്. നമ്മുടെ നാട്ടിൽ മാത്രമാണ് സിനിമയിൽ പാട്ട് വേണമെന്ന നിർബന്ധം. പുറം രാജ്യങ്ങളിലൊന്നും അങ്ങനെയല്ല. അവിടെ സംഗീതം സംഗീതവും സിനിമ സിനിമയുമാണ്. രഞ്ജിനി എവിടെ പോയെന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളതും ഇതാണ്, നമ്മൾ കണ്ടുശീലിച്ചതിന്റെ കുഴപ്പമാണ്. സിനിമയിൽ പാടിയില്ലെങ്കിൽ ഔട്ടായി എന്ന് കരുതുന്നത് പഴയ ചിന്തയാണ്. ഒരു സിനിമയിൽ പോലും പാടാത്തവർ ഞങ്ങളേക്കാൾ വരുമാനം ഉണ്ടാക്കുന്നുണ്ട്. സന മൊയ്ദൂട്ടിയെ പോലെ എത്രയോ പേരുണ്ട്. ചില സിനിമകളിൽ പാട്ട് പോലുമില്ല. സിനിമയെ ആശ്രയിച്ച് പാട്ട് നിൽക്കരുതെന്ന് പണ്ടേ പറയുന്നൊരാളാണ് ഞാൻ. ആരും ഇൻഡിപ്പെൻഡന്റ് മ്യൂസിക്കോ ആൽബമോ ചെയ്യാത്ത സമയത്താണ് ഞാനത് ചെയ്തത്. അന്നേ എന്റെ മനസിൽ ഇതായിരുന്നു താത്പര്യം. പക്ഷേ ഇവിടെ ഇപ്പോഴാണ് അതിന് കൂടുതൽ സാദ്ധ്യത കിട്ടിത്തുടങ്ങിയത് എന്നുമാത്രം. ഞാനൊക്കെ ചെയ്യുന്ന സമയത്ത് യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളൊന്നുമുണ്ടായിരുന്നില്ല. ഇപ്പോൾ പലതരത്തിലുള്ള പാട്ടുകൾ കേൾക്കാൻ അവസരമുണ്ട്. അതുപോലെ പാടാനും. ആർക്കും സിനിമയൊന്നും കാത്ത് നിൽക്കേണ്ട ആവശ്യമില്ല. കിട്ടിയാൽ അതൊരു ബോണസെന്ന് കരുതുന്നവരാണ് പുതിയ തലമുറ. എല്ലാവരും അങ്ങനെയാകണമെന്നാണ് എന്റെ ആഗ്രഹം. ടാലൻഡുള്ളവർക്കെല്ലാം ആരെയും കാത്തിരിക്കാതെ തന്നെ കഴിവ് തെളിയിക്കാൻ പറ്റും. ഇന്നിപ്പോൾ വൈറലാകുന്ന പാട്ടുകളൊക്കെ നോക്കിയാൽ ഒരു കാര്യം മനസിലാകും. ഒക്കെയും സിനിമയ്ക്ക് പുറത്തുള്ള പാട്ടുകളാണ്. അത് നല്ലൊരു ട്രെൻഡാണ്. ആഗ്രഹമുള്ള എല്ലാവർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം കിട്ടുകയാണ്.
സ്വപ്നത്തിലേക്കെത്താൻ ഇനിയും ദൂരമുണ്ട്
സംഗീതത്തിൽ ഇനിയും ഒരുപാട് യാത്ര ചെയ്യേണ്ടതായിട്ടുണ്ട്. ഇൻഡിപ്പെൻഡന്റ് ആർട്ടിസ്റ്റായിട്ട് നിലനിൽക്കുക എന്നതാണ് വന്ന കാലം മുതലേയുള്ള സ്വപ്നം. അവിടേക്കുള്ള യാത്രയിലാണ് ഞാനിപ്പോഴും. തുടക്കക്കാരിയല്ല എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ. ഞാനുദ്ദേശിക്കുന്ന സ്ഥലത്ത് എത്തുന്നേയുള്ളൂ. സ്വയം വിലയിരുത്തൽ അതിനാവശ്യമാണ്. ഞാൻ പാടിയ സിനിമാപ്പാട്ടുകൾ വച്ച് എന്നെ വിലയിരുത്താൻ കഴിയില്ല. കാരണം, അതൊരിക്കലും എന്റെ സ്വപ്നമായിരുന്നില്ല. പിന്നണി ഗായിക എന്ന മേൽവിലാസം പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യമാണ്. ദൈവം എന്നെ ഒരുപാട് അനുഗ്രഹിച്ചിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. കൃത്യ സമയത്ത് സിനിമയിൽ തുടക്കം കുറിക്കാൻ പറ്റി. ഒരുപാട് വലിയ വലിയ മ്യൂസിക് ഡയറക്ടേഴ്സിനൊപ്പം പാടാൻ പറ്റിയതൊക്കെ വലിയ സന്തോഷമാണ്. അതിലൊക്കെ അവരോട് നന്ദിയുണ്ട്. അന്ന് കിട്ടിയ എക്സ്പീരിയൻസ് ആണ് ഇപ്പോഴും മുന്നോട്ട് നയിക്കുന്നത്. സിനിമയിലെത്തിയിട്ട്  ഇക്കൊല്ലം 20 വർഷമായി. ഇപ്പോൾ നടക്കുന്ന ഈ ഇൻഡിപ്പെൻഡന്റ് റെവല്യൂഷനിൽ ഏറ്റവുമധികം സന്തോഷിക്കുന്ന ആള് ഞാനാണ്. സിനിമയിൽ ഏന്റെ കൂടെ പാടിയ എല്ലാവരും ഇപ്പോൾ ഈ വഴിയിലാണ്. ജ്യോത്സന, വിധു, റിമി ഒക്കെ അതേറ്റെടുത്തു. അതിലൊരു തുടക്കം കുറിക്കാൻ പറ്റിയെന്നത് എനിക്ക് സന്തോഷം തന്നെയാണ്.

 പാട്ട് തന്നെയാണ് കൂട്ട്
പുതിയ കുട്ടികളൊക്കെ ഏറെ ടാലൻഡുള്ളവരാണ്. മുൻപും കഴിവുള്ളവർ നമുക്കിടയിലുണ്ടായിരുന്നു. പക്ഷേ, അധികം പേർക്കും അവസരം കിട്ടാതെ പോയതാണ്. ഇപ്പോൾ കഴിവ് പ്രകടിപ്പിക്കാൻ എല്ലാവർക്കും സോഷ്യൽ മീഡിയ എന്ന പ്ലാറ്റ്ഫോമുള്ളതു കൊണ്ട് കാര്യങ്ങൾ എളുപ്പമാണ്. പുതിയ പുതിയ എത്ര പാട്ടുകാരെയാണ് നമ്മൾ ദിവസവും കേൾക്കുന്നത്. ഇപ്പോൾ പാട്ട് പാടാൻ ആരെയും പുറത്ത് നിന്നും കൊണ്ടുവരുന്നില്ല. എല്ലാം പാടുന്നത് ഇവിടത്തെ കുട്ടികൾ തന്നെയാണ്. കഠിനാദ്ധ്വാനം ചെയ്യാൻ ഒരു മടിയുമില്ലാത്തവരാണ് ഏറെപ്പേരും. അവരിൽ നിന്നൊക്കെ നമുക്കും ഒരുപാട് പഠിക്കാനുണ്ട്. പാട്ടിൽ എല്ലാവരുമായും കൂട്ടാണ്. ഞങ്ങളെല്ലാരും ഒരു കുടുംബം തന്നെയാണ്. സമം എന്നൊരു കൂട്ടായ്മ ഞങ്ങൾക്കിടയിലുണ്ട്. അതിലൊരു എക്സിക്യൂട്ടിവ് മെമ്പറാണ് ഞാൻ. സജീവമായിട്ടുള്ള കൂട്ടായ്മയാണ്. കൊവിഡ് വന്നതോടെയാണ് ഒന്നിച്ചുകൂടൽ ഇല്ലാതെയായത്. അതിന് മുമ്പ് ഞങ്ങളെല്ലാം കൃത്യമായ ഇടവേളകളിൽ ഒന്നിക്കുമായിരുന്നു. ഞങ്ങളുടെ കാലത്ത് വന്ന എല്ലാവരുമായും കൂട്ടാണ്. പുതിയ ആൾക്കാരുമായും അടുപ്പമുണ്ട്. അവരുടെ കൂടെ ഷോയ്ക്ക് പോകുമ്പോഴൊക്കെ നല്ല വൈബാണ്. അവരൊന്നും എന്നെ പഴയ ആളായി കാണുന്നില്ല എന്നതാണ് സന്തോഷം.
ജോലി വേറെ, വ്യക്തിജീവിതം വേറെ
ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് സംഗീതസംവിധാനത്തിലേക്ക് തിരിയുന്നത്. കിംഗ് ഫിഷ് എന്ന സിനിമയിൽ അനൂപേട്ടേൻ (അനൂപ് മേനോൻ) പറഞ്ഞിട്ടാണ് അങ്ങനെയൊരു വലിയൊരു ഉത്തരവാദിത്തം ഏറ്റെടുത്തത്. ഞാൻ തന്നെ എഴുതി, സംഗീതസംവിധാനം നിർവഹിച്ച് പാടുകയായിരുന്നു. അതൊരു വലിയ എക്സ്പീരിയൻസായിരുന്നു. ഒപ്പം നല്ല റിസ്കും. അനൂപേട്ടൻ ഫുൾ ഫ്രീഡം തന്നു. ഇംഗ്ലീഷ് പാട്ടാണ്. ടൈറ്റിൽ സോംഗായിട്ട് ചെയ്തതാണ്. നല്ല രീതിയിൽ ചെയ്യാൻ പറ്റിയെന്ന് തന്നെ വിശ്വസിക്കുന്നു.ക്രൂവിലുള്ളവരൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. സിനിമ റിലീസായിട്ടില്ല. സംഗീതസംവിധാനമൊന്നും മനസിലുണ്ടായിരുന്ന കാര്യമായിരുന്നില്ല. പക്ഷേ, സംഭവിച്ചു. ഇനി സംഭവിക്കുമോയെന്നും അറിയില്ല. ഭാവിയൊരിക്കലും നമുക്ക് മുൻകൂട്ടി പറയാനാകില്ലല്ലോ. എല്ലാം അതിന്റേതായ സമയത്ത് നടക്കും. ജീവിതത്തെ ഒരിക്കലും ജോലിയുമായി കൂട്ടിക്കുഴക്കരുതെന്ന് പറഞ്ഞ് പഠിപ്പിച്ചത്  അച്ഛനാണ്. അതുകൊണ്ട് തന്നെ മനസിലുള്ളതൊന്നും പുറത്തു കാട്ടില്ല. അടിസ്ഥാനപരമായി ഞാൻ ഒരു എന്റർടൈനർ ആണല്ലോ. പാട്ട് പാടി ആൾക്കാരെ എന്റെർടെയ്ൻ ചെയ്യിപ്പിക്കുക എന്നതാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്. പീപ്പിൾ പേഴ്സൺ ആണ് നമ്മൾ. ആ വൈബ് നമ്മൾ കാഴ്ചക്കാർക്ക് കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പൊതു സമൂഹത്തിൽ മൂഡ് സ്വിംഗ്സൊന്നും കാണിക്കാൻ പാടില്ല. ജോലിയെ ജോലിയായും വ്യക്തി ജീവിതത്തെ അങ്ങനെയും കാണുന്ന ആളാണ്. രണ്ടും പരസ്പരം കൂട്ടിക്കുഴക്കില്ല.