
സ്വാതന്ത്ര്യസമര സേനാനികൾ അടക്കമുള്ള അതുല്യ വ്യക്തിത്വങ്ങൾ അലങ്കരിച്ച കസേരയാണ് കേരള നിയമസഭ സ്പീക്കറുടേത്. എന്നാൽ ഇപ്പോഴത്തെ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ പ്രവർത്തനങ്ങളിൽ സുതാര്യതക്ക് പകരം ദുരൂഹതയും അഴിമതിയുമാണ് നിറഞ്ഞു നിൽക്കുന്നതെന്ന് പറയാതെ വയ്യ. ജനാധിപത്യത്തിന്റെ കാവലാളായ സ്പീക്കർ പദവിയിൽ നിന്നും ഒരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള പ്രവർത്തനങ്ങളാണ് ശ്രീരാമകൃഷ്ണനിൽ നിന്നുണ്ടായിരിക്കുന്നത്. അത് കൊണ്ടാണ് സ്പീക്കറുടെ നേതൃത്വത്തിൽ നടന്ന അഴിമതിയും, സ്വജനപക്ഷപാതവും, കെടുകാര്യസ്ഥതയുമെല്ലാം ദുഃഖത്തോടെയാണെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ പ്രതിപക്ഷം നിർബന്ധിതരായത്. അത് പ്രതിപക്ഷത്തിന്റെ കടമയാണ്.
നിയമസഭയിൽ നടന്ന ഏതാണ്ട് 100 കോടിയിൽപ്പരം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്കും ആഘോഷപരിപാടികൾക്കും പിന്നിൽ കോടികളുടെ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്ന് തെളിവുകൾ സഹിതമാണ് പ്രതിപക്ഷം ആരോപണമുന്നയിച്ചത്. എന്നാൽ അതിനൊന്നും മറുപടി പറയാൻ കഴിയാതെ ഇതെല്ലാം തനിക്കെതിരായ വ്യക്തിപരമായ ആക്രമണമായും സഭയെ ചെളിവാരിയെറിയാനുള്ള പ്രതിപക്ഷ ഗൂഢാലോചനയായും കാണുന്ന സ്പീക്കർ ശ്രീരാമകൃഷ്ണനോട് സഹതപിക്കാൻ മാത്രമേ സാധിക്കൂ.
ലോക കേരള സഭ ചേരുന്നതിനായി നിയമസഭയിലെ പ്രൗഢ ഗംഭീരമായ ശങ്കരനാരായണൻ തമ്പി ഹാൾ പൊളിച്ച് പണിതതിന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. 1998 ൽ പൂർത്തിയായ നിയമസഭ മന്ദിരത്തിന്റെ നിർമാണത്തിന് വേണ്ടി ആകെ ചെലവായത് 76 കോടി രൂപയാണ്. എന്നാൽ പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായതിന് ശേഷം അതിലെ ഒരു ഹാൾ നവീകരിക്കുന്നതിന് മാത്രമായി ചെലവാക്കിയത് 11.55 കോടി രൂപയാണ്.
2018 ൽ ഒന്നാം ലോക കേരള സഭ ചേരുന്നതിനായി ശങ്കരനാരായണൻ തമ്പി ഹാൾ നവീകരിച്ചത് 1.84 കോടി രൂപ മുടക്കിയാണ്. രണ്ടു വർഷം കഴിഞ്ഞ് രണ്ടാം ലോക കേരള സഭ സമ്മേളിക്കുന്നതിനും നവീകരണം നടത്തി. 16.65 കോടി രൂപയായിരുന്നു എസ്റ്റിമേറ്റിട്ടത്. ഇപ്പോൾ സ്പീക്കർ പറയുന്നു അത്രയും തുക വേണ്ടി വന്നില്ല, 9.40 കോടി രൂപയേ നൽകേണ്ടി വന്നുള്ളൂ എന്നാണ്. അത് ശരിയാണെങ്കിൽ എസ്റ്റിമേറ്റിന്റെ പകുതിയേ ചെലവു വന്നുള്ളൂ. അപ്പോൾ എന്തു തരം എസ്റ്റിമേറ്റാണ് എടുത്തത്?
ഇ - നിയമസഭ എന്ന
തീവെട്ടിക്കൊള്ള
നിയമസഭ കടലാസ് രഹിതമാക്കുന്നതിനുള്ള ഇ-നിയമസഭ എന്ന പദ്ധതിയുടെ പേരിലും വൻ ധൂർത്താണ് നടന്നത്. 52.31 കോടി രൂപയുടെ പടുകൂറ്റൻ പദ്ധതിയാണിത്. ഇതും ഊരാളുങ്കൽ സൊസൈറ്റിയെയാണ് ഏൽപ്പിച്ചത്. ഈ ജോലി ഊരാളുങ്കലിനെ ഏൽപ്പിക്കാൻ തിരുമാനിച്ചപ്പോൾ സ്പീക്കർ അവകാശപ്പെടും പോലെ നിയമസഭാ സാമാജികരുടെ കമ്മിറ്റി രൂപീകരിച്ചിരുന്നില്ല. പദ്ധതി മേൽനോട്ടം നിർവഹിക്കുന്നതിലും മാർഗനിർദേശങ്ങൾ നൽകുന്നതിനുള്ള കമ്മിറ്റി രൂപീകരിച്ചത് 13-1-2020 ലാണ്. എന്ന് വച്ചാൽ പണി തുടങ്ങാൻ ഊരാളുങ്കലിന് അനുമതി നൽകി ഏതാണ്ട് ഒരു വർഷവും മൊബലൈസേഷൻ അഡ്വാൻസ് നൽകി ആറ് മാസം കഴിഞ്ഞിട്ടാണ് മേൽനോട്ട നിർവഹണത്തിനും മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി എം.എൽ.എ മാരുടെ കമ്മിറ്റി രൂപീകരിച്ചത്. ഇതിൽ നിന്ന് തന്നെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് ഈ സമിതിയെന്ന് വ്യക്തം.
എൻ.ഐ.സിയെ
ഒഴിവാക്കിയത് എന്തിന്?
ഇന്ത്യയിൽ ആദ്യമായി ഇ-വിധാൻസഭ സമ്പ്രദായം നടപ്പിലാക്കിയത് ഹിമാചൽ പ്രദേശിലാണ്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഇൻഫോമാറ്റിക് സെന്ററാണ് 2014 ൽ കേന്ദ്ര സാമ്പത്തിക സഹായത്തോടെ 8.1 കോടി ചെലവിൽ ഈ പദ്ധതി പൂർത്തീകരിച്ചത്. ഇന്ത്യയിൽ ആദ്യമായി ഈ പദ്ധതി പൂർത്തിയാക്കിയ നാഷണൽ ഇൻഫോമാറ്റിക് സെന്ററിനെ കേരള നിയമസഭയുടെ ഇ-നിയമസഭ പദ്ധതിയും ഏൽപ്പിക്കാമായിരുന്നു. അത് ചെയ്യാതെ ഇക്കാര്യത്തിൽ യാതൊരു പരിചയവുമില്ലാത്ത ഊരാളുങ്കലിനെ ഏൽപ്പിച്ചത് എന്തിനായിരുന്നു? എൻ.ഐ.സി നൽകിയ കത്ത് സ്പീക്കർ പുറത്ത് വിടണം.
സഭാ ടി വി എന്ന വെള്ളാന
സഭാ ടി വിയുടെ നടത്തിപ്പിനെക്കുറിച്ചും കല്ലുവച്ച നുണകളാണ് സ്പീക്കർ പറയുന്നത്. ഒരു മാസം 40 ലക്ഷം രൂപയോളം ടെലികാസ്റ്റിംഗ് കൂലിയായി സഭാ ടി. വി നൽകുന്നുണ്ട്. എം.എൽ.എ ഹോസ്റ്റലിൽ മുൻ അംഗങ്ങൾക്ക് താമസിക്കാനുള്ള പതിനഞ്ചോളം ഫർണിഷ്ഡ് മുറികൾ ഒഴിഞ്ഞു കിടക്കുമ്പോൾ സഭാ ടി.വിയുടെ ചീഫ് കൺസൾട്ടന്റിന് തിരുവനന്തപുരത്ത് വരുമ്പോൾ തങ്ങാൻ വഴുതക്കാട് സ്വകാര്യ ഫ്ളാറ്റ് വാടകയ്ക്ക് തന്നെ എടുത്ത് നൽകി. അദ്ദേഹത്തിന്റെ ഡൽഹി തിരുവനന്തപുരം വിമാനയാത്രക്കൂലിയും നേരത്തെയുള്ള മസ്ക്കറ്റ് ഹോട്ടലിലെ താമസച്ചെലവിന്റെയും കാര്യം സ്പീക്കർ മിണ്ടുന്നില്ല. ലക്ഷങ്ങളാണ് ഈ ഇനത്തിൽ ഇതിനകം ചെലവാക്കിയത്.
നിയമസഭയിലെ മറ്റൊരു ധൂർത്താണ് ഫെസ്റ്റിവൽ ഓൺ ഡെമോക്രസി. ആറ് സെഷനുകളിലായി നടത്താനുദ്ദേശിച്ച ഈ പരിപാടിയുടെ രണ്ട് സെഷനുകളേ ഇതുവരെ നടത്തിയിട്ടുള്ളു. ആദ്യ പരിപാടിക്ക് ഒരു കോടി രൂപയും, രണ്ടാമത്തെ പരിപാടിക്ക് 1.31 കോടി രൂപയും ചെലവഴിച്ചു.