
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറുകളായ നയൻതാരയും സാമന്തയും ഒന്നിക്കുന്നു. മക്കൾ ശെൽവൻ വിജയ് സേതുപതി നായകനാകുന്ന കാത്ത് വാക്കുല രണ്ട് കാതൽ എന്ന ചിത്രത്തിലൂടെയാണ് താരറാണിമാർ ഇതാദ്യമായി ഒന്നിച്ചഭിനയിക്കുന്നത്.
നയൻതാരയുടെ ഭാവി വരൻ വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ തുടങ്ങി. ചൊവ്വാഴ്ച മുതൽ നയൻസും സാമന്തയും ഈ ചിത്രത്തിലഭിനയിച്ച് തുടങ്ങി.ഈ വർഷം ഇതുവരെ ഒരു സിനിമയിലും അഭിനയിക്കാത്ത സാമന്തയുടെ കാമറയ്ക്ക് മുന്നിലേക്കുള്ള തിരിച്ചുവരവ് സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.

അപ്പു എൻ. ഭട്ടതിരി സംവിധായകനാകുന്ന നിഴൽ എന്ന മലയാള ചിത്രമാണ് നയൻതാര ഒടുവിൽ അഭിനയിച്ച് പൂർത്തിയാക്കിയത്.
മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന തമിഴ് ത്രില്ലർ നെട്രിക്കണ്ണാണ് നയൻസിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
ഡി പിക്ചേഴ്സിന്റെ ബാനറിൽ വിഘ്‌നേശ് ശിവൻ നിർമ്മിക്കുന്ന നെട്രിക്കണ്ണിന്റെ ടീസർ നയൻതാരയുടെ ജന്മദിനമായ നവംബർ 18ന് റിലീസ് ചെയ്തിരുന്നു.സ്‌ത്രീകളെ മാത്രം കൊലപ്പെടുത്തുന്ന ഒരു സീരിയൽ കില്ലർ ലക്ഷ്യമിടുന്ന അന്ധയായ യുവതിയുടെ വേഷമാണ് നെട്രിക്കണ്ണിൽ നയൻതാര അവതരിപ്പിക്കുന്നത്.

ഹൈദരാബാദിൽ ചിത്രീകരണം പുനരാരംഭിച്ച രജനികാന്ത് ചിത്രം അണ്ണാത്തെയിലും നയൻതാരയാണ് നായിക.സൂപ്പർ സ്റ്റാറിനൊപ്പം ലേഡി സൂപ്പർ സ്റ്റാർ അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് അണ്ണാത്തെ.സൂപ്പർഹിറ്റായ 96ന്റെ തെലുങ്ക് റീമേക്കായ ജാനുവിലാണ് സാമന്ത ഒടുവിലഭിനയിച്ചത്.96 ഒരുക്കിയ സി. പ്രേംകുമാർ തന്നെയാണ് തെലുങ്ക് പതിപ്പും സംവിധാനം ചെയ്തത്.ഒറിജിനലിനോളം തരംഗമുയർത്താനായില്ലെങ്കിലും പ്രേക്ഷകർക്കും നിരൂപകർക്കുമിടയിൽ തരക്കേടില്ലാത്ത അഭിപ്രായം സ്വന്തമാക്കാൻ ജാനുവിന് കഴിഞ്ഞിരുന്നു.