gym-lady

കക്കാൻ പോകുമ്പോൾ കള്ളൻ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല,​ താൻ തിരിച്ച് പോകുന്നത് ആംബുലൻസിലായിരിക്കുമെന്ന്. കുറച്ച് ദിവസം മുൻപാണ് വില്ലി മർഫി എന്ന അമ്മൂമ്മയുടെ വീട്ടിൽ 29കാരനായ കള്ളൻ കയറിയത്. ന്യൂയോർക്കിലെ റോചെസ്റ്ററിലാണ് അമ്മൂമ്മയുടെ താമസം. പ്രായം 82. കള്ളൻ കരുതിയത് അമ്മൂമ്മ തനിക്ക് പറ്റിയൊരു ഇരയാണെന്നാണ്. എന്നാൽ, ആ കള്ളന് അറിയാത്ത പരസ്യമായ ഒരു രഹസ്യമുണ്ടായിരുന്നു. ഈ അമ്മൂമ്മ ഒരു ബോഡി ബിൽഡറും വെയ്റ്റ് ലിഫ്റ്ററുമാണെന്ന്.

യുവാവ് മോഷണത്തിനായി ആദ്യം അമ്മൂമ്മയുടെ വാതിലിൽ തട്ടി. ശേഷം അയാൾക്ക് അസുഖമുണ്ടെന്ന് കള്ളം പറഞ്ഞു. മർഫി എമർജൻസി സർവീസിനെ വിളിച്ചെങ്കിലും അയാൾ വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്നു. അമ്മൂമ്മ കൈയിൽ തടഞ്ഞ ലോഹക്കാലുകളുള്ള ചെറിയ മേശ കൊണ്ട് അയാളെ മർദ്ദിച്ചു. ആ മേശ ഒടിയുന്നതു വരെ അവർ മോഷ്ടാവിനെ തല്ലി ചതച്ചു. ടേബിൾ തകർന്നപ്പോൾ നുഴഞ്ഞുകയറ്റക്കാരന്റെ മുഖത്ത് അമ്മൂമ്മ ഷാംപൂ ഒഴിച്ചു, എന്നിട്ട് അവനെ ചൂല് കൊണ്ട് അടിച്ചു. അവനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് പുറത്തിടാനും നോക്കി. പക്ഷേ, അമ്മൂമ്മ വിചാരിച്ചതിനേക്കാൾ ഭാരം മോഷ്ടാവിന് ഉണ്ടായിരുന്നതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. പൊലീസും എമർജൻസി ജോലിക്കാരും എത്തുമ്പോഴേക്കും ആ മോഷ്ടാവിന്റെ ഷേപ്പ് തന്നെ മാറിയിരുന്നു. ഒടുവിൽ ആംബുലൻസിലാണ് മോഷ്ടാവിനെ കൊണ്ടുപോയത്. വേണ്ടി വന്നാൽ 102 കിലോഗ്രാം (225 പൗണ്ട് ഡെഡ്‌ലിഫ്റ്റ്) വരെ ഭാരം എടുക്കുമെന്നും അമ്മൂമ്മ അവകാശപ്പെടുന്നു.