
ന്യൂഡൽഹി: ജനുവരിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങില്‍ പ്രധാന അതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പങ്കെടുക്കും. ബോറിസ് ജോണ്‍സണ്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് സ്ഥിരീകരിച്ചു.
'അടുത്ത വര്‍ഷം യുകെ ആതിഥേയത്വം വഹിക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിട്ടുണ്ട്. ജനുവരിയില്‍ നടക്കുന്ന ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍സണ്‍ സ്വീകരിച്ചു, ഇത് വലിയ അംഗീകാരമാണ്' ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
3 ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. ജനുവരിയില്‍ ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഡൊമിനിക് റാബിന്റെ സന്ദർശനം. വ്യാപാരം, പ്രതിരോധം, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി.
ഡിസംബര്‍ 14-17 മുതലുള്ള റാബിന്റെ ഇന്ത്യ സന്ദര്‍ശനം, ബ്രെക്സിറ്റിനു ശേഷമുള്ള വ്യാപാര കരാറിലെത്താന്‍ യൂറോപ്യന്‍ യൂണിയനുമായി യു കെ സങ്കീര്‍ണ്ണമായ ചര്‍ച്ചകള്‍ നടത്തുന്ന സമയത്താണ്. കൊവിഡിനും ബ്രെക്‌സിറ്റിനും ശേഷമുള്ള വ്യാപാരം, പ്രതിരോധം, കാലാവസ്ഥ, കുടിയേറ്റം, മൊബിലിറ്റി, വിദ്യാഭ്യാസം, ആരോഗ്യ മേഖലകള്‍ എന്നിവയിലുടനീളമുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് റാബിന്റെ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.