
ജപ്പാനിലെ ഒരു പ്രമുഖ മാർക്കറ്റിംഗ് കമ്പനിയാണ് പിയാല. ഒരു ദിവസം അവരുടെ ജീവനക്കാരുടെ പരാതിപ്പെട്ടിയിൽ ഒരു പരാതി വന്നു. പുകവലിക്കുന്ന ജീവനക്കാർ ഇടക്കിടെ ജോലിത്തിരക്കിൽ നിന്നു മാറി റിലാക്സ് ചെയ്യുന്നുണ്ട്. എന്നാൽ, പുകവലിക്കാത്ത ജീവനക്കാർ തുടർച്ചയായി പണിയെടുക്കുകയാണ്. ഇത് കമ്പനിയുടെ കാര്യക്ഷമതയെ സാരമായി ബാധിക്കുന്നുണ്ട് എന്നാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. സംഗതി ശരിയാണെന്ന് തോന്നിയ കമ്പനി ഒരു തീരുമാനം എടുത്തു. പുകവലിക്കാത്ത ജീവനക്കാർക്ക് ആറ് ദിവസം അധിക അവധി നൽകാമെന്ന്. കമ്പനിയുടെ സി.ഇ.ഒ തകാവോ അസുക്കയാണ് ഈ തീരുമാനം എടുത്തത്. ഒാരോ വട്ടവും പുകവലിക്കാനായി പുറത്തുപോകുന്ന ജീവനക്കാർ 15 മിനിറ്റെങ്കിലും ജോലിയിൽ നിന്ന് മാറി നിൽക്കുന്നുണ്ട്.
ഈ തീരുമാനം എടുത്തതിനു പിന്നിൽ മറ്റൊരു കാരണം കൂടി ഉണ്ട്. ആളുകളിൽ പുകവലി ശീലം കുറയ്ക്കുക എന്ന ലക്ഷ്യം. പിഴയിലൂടെയോ നിബന്ധനയിലൂടെയോ അല്ലാതെ ഇത്തരം പ്രോത്സാഹനത്തിലൂടെ പുകവലി ഉപേക്ഷിക്കാൻ ജീവനക്കാരെ പ്രചോദിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഇങ്ങനെ അവധി നൽകാൻ തീരുമാനിച്ചതെന്ന് അസുക്ക പറയുന്നത്. ഈ പദ്ധതി വൻ വിജയം കണ്ടിരിക്കുകയാണെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചത്.