
തിരുവനന്തപുരം: കൊവിഡ് ബാധിതർക്കായുളള സ്‌പെഷ്യൽ പോസ്‌റ്റൽ ബാലറ്റിൽ ക്രമക്കേടെന്ന് ആരോപിച്ച് ബിജെപി. പ്രത്യേക ബാലറ്റ് വോട്ടെണ്ണുമ്പോൾ കണക്കാക്കരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പാർട്ടി പരാതി നൽകി. പാർട്ടി മുൻ ജില്ലാ അദ്ധ്യക്ഷൻ എസ്.സുരേഷ് ആണ് പരാതി നൽകിയത്. കൊവിഡ് രോഗികൾക്ക് സ്‌പെഷ്യൽ പോസ്‌റ്റൽ ബാലറ്റ് നൽകുമ്പോൾ സ്ഥാനാർത്ഥികളെ അറിയിക്കേണ്ടതുണ്ട്. എന്നാൽ ഇത് ഒരിടത്ത് പോലും നടപ്പായില്ലെന്ന് പരാതിയിൽ എസ്.സുരേഷ് പറഞ്ഞു.
സ്‌പെഷ്യൽ പോസ്‌റ്റൽ ബാലറ്റ് നൽകിയതിൽ വലിയ ക്രമക്കേടുണ്ട്. ഇന്ന് തന്നെ പ്രശ്‌നം പരിഹരിക്കണമെന്നും എസ്.സുരേഷ് പരാതിയിൽ ആവശ്യപ്പെടുന്നു. ബാലറ്റിൽ ഒപ്പ് സാക്ഷ്യപ്പെടുത്തുന്നത് ആരോഗ്യപ്രവർത്തകർ തന്നെ ചെയ്‌താൽ മതിയെന്ന നിർദ്ദേശം വൻ ക്രമക്കേടിന് ഇടയാകുമെന്നും ബിജെപി ആരോപിക്കുന്നു. അതിനാൽ കൊവിഡ് രോഗികളുടെ ബാലറ്റ് ഫലപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തരുതെന്ന് ഇത് മാറ്റിവയ്‌ക്കണമെന്നുമാണ് പാർട്ടി ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം നഗരസഭയിൽ എൽ.ഡി.എഫ് പരാജയം മുന്നിൽകണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും ബിജെപിയെ തോൽപിക്കാൻ ഏത് മാർഗവും സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞത് ഈ മാർഗമാണെന്നുമാണ് ബിജെപിയുടെ ആക്ഷേപം.