
ടോക്യോ: ഒരു പതിറ്റാണ്ടു മുന്‍പ് ഏഷ്യന്‍ തീരങ്ങളില്‍ ഉള്‍പ്പെടെ ആഞ്ഞടിച്ച സുനാമിയില്‍ ഉണ്ടായത് കോടികളുടെ നഷ്ടമാണ്. 2011ല്‍ നാശം വിതച്ച സുനാമിയില്‍ നിരവധി ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളുമാണ് കാണാതായത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഒടുവില്‍ സുനാമിയില്‍ കാണാതായ ഒരു മത്സ്യബന്ധന ബോട്ട് കരയ്ക്കടിഞ്ഞിരിക്കുകയാണ് ജപ്പാനില്‍.
ഡിസംബര്‍ മാസം ആദ്യം ജപ്പാനിലെ ഹാച്ചിജോ ദ്വീപിലാണ് കരയ്ക്കടിഞ്ഞത്. സുനാമിയ്ക്ക് പിന്നാലെ ശക്തമായ തിരയില്‍പ്പെട്ട ഈ ബോട്ട് യു എസിന്റെ പടിഞ്ഞാറന്‍ തീരത്തിനടുത്തു വരെ എത്തിയിരുന്നു എന്നാണ് കരുതപ്പെടുന്നത്. വടക്കന്‍ ജപ്പാനിലെ കോസിനൂമ തീരത്തു നിന്നായിരുന്നു ബോട്ട് കാണാതായത്.
9.0 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ഫലമായുണ്ടായ സുനാമിയില്‍ 20,000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. 2011 മാര്‍ച്ചിലുണ്ടായ സുനാമി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ നാശമാണ് വിതച്ചത്. കോസിനുമ തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോയിരുന്ന ബോട്ടുകളുടെ സംഘത്തില്‍പ്പെട്ട ബോട്ടാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അന്ന് 5.5 മീറ്റര്‍ നീളമുള്ള ഒരു ഫൈബര്‍ ബോട്ട് കാണാതായിരുന്നുവെന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ സ്ഥിരീകരിച്ചു.
ബോട്ടിന്റെ അകവശത്ത് ഉള്‍പ്പെടെ വന്‍തോതില്‍ പവിഴപ്പുറ്റുകള്‍ വളര്‍ന്ന നിലയിലാണ്. എന്നാല്‍ ടോക്യോയില്‍ നിന്ന് 300 കിലോമീറ്റര്‍ ദൂരെ ഹാച്ചിജോയില്‍ ഒഴുകിയെത്തുന്നതിനു മുന്‍പ് ഈ ബോട്ട് മറ്റേതെങ്കിലും തീരത്ത് അടിഞ്ഞിരുന്നോ എന്നും സംശയമുണ്ട്. അന്ന് സുനാമിയില്‍ ജപ്പാന്‍ തീരത്തു നിന്ന് നിരവധി സാമഗ്രികള്‍ പസഫിക് സമുദ്രത്തിലേയ്ക്ക് ഒഴുകിപ്പോയിരിക്കാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
2012 ഏപ്രിലില്‍ അലാക്‌സയിലെ മിഡില്‍ടണ്‍ ദ്വീപിലെ ഒരു കുടുംബത്തിന് ജപ്പാനിലെ ഒരു സ്‌കൂളിന്റെ എഴുത്തുകളുള്ള ഫുട്‌ബോള്‍ കടല്‍ത്തീരത്തു നിന്ന് ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതേ മാസം തന്നെ ജപ്പാനില്‍ നിന്ന് ഒഴുകിയെത്തിയ ഒരു മത്സ്യബന്ധന യാനം യു എസ് കോസ്റ്റ് ഗാര്‍ഡ് സമുദ്രഗതാഗതത്തിന് ഭീഷണിയാണെന്ന് കണ്ട് അലാസ്‌കന്‍ തീരത്തു വെച്ച് മുക്കിക്കളഞ്ഞിരുന്നു. ഇതേ വര്‍ഷം തന്നെ മെയില്‍ ജപ്പാനില്‍ നിന്ന് ഒഴുകിപ്പോയ ഒരു ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കും തുരുമ്പിച്ച നിലയില്‍ ഒരു വെളുത്ത കണ്ടെയ്‌നറിനുള്ളിലായി കനേഡിയന്‍ തീരത്ത് അടിഞ്ഞിരുന്നു. ബൈക്കിന്റെ നമ്പര്‍ നോക്കിയാണ് ഉടമ ഇത് തിരിച്ചറിഞ്ഞത്.