
അഹമ്മദാബാദ്: ആയിരക്കണക്കിന് കർഷകർ തലസ്ഥാനം വളഞ്ഞ് സമരം ചെയ്യുന്നതിന് കാരണം പ്രതിപക്ഷമാണെന്ന് കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക ബില്ലുകൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ അവർ വഴിതെറ്റിച്ചിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.
'ഇപ്പോൾ സമരം ചെയ്യുന്ന കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതിപക്ഷം പണ്ട് ഭരണത്തിലിരുന്നപ്പോൾ ഈ നിയമ പരിഷ്‌കരണത്തിന് അനുകൂലമായിരുന്നു. ഇപ്പോൾ സർക്കാർ ചരിത്രപരമായ ഒരു നടപടിയെടുത്തപ്പോൾ അവർ കർഷകരെ ഇളക്കിവിട്ടിരിക്കുകയാണ്.' പ്രധാനമന്ത്രി ഗുജറാത്തിലെ കച്ചിൽ നടന്ന ഒരു പൊതുചടങ്ങിൽ പ്രസംഗിച്ചു.
'ധാന്യങ്ങളും പയറുവർഗങ്ങളും കൃഷിചെയ്യുന്ന ചെറുകിട കർഷകർക്ക് അവരുടെ വിളകൾ വിൽപന നടത്താൻ കഴിയാത്തതെന്താണെന്ന് രാജ്യത്തെ ജനങ്ങൾ ചോദിക്കും. കാർഷികമേഖലയിലെ പരിഷ്‌കരണം നിരവധി കർഷകരുടെ വർഷങ്ങളായുളള ആവശ്യമാണ്. തങ്ങളുടെ വിളകൾ എവിടെയും വിൽക്കാനുളള അനുമതിയ്‌ക്കായി സംഘടനകൾ മുൻപുതന്നെ അനുമതി ചോദിച്ചിരുന്നതുമാണ്.' പുതിയ കർഷക നിയമത്തെ അനുകൂലിച്ച് മോദി പറഞ്ഞു. പ്രതിപക്ഷം കർഷകർക്ക് ആശ്വാസമേകുന്നതായി തോന്നിപ്പിക്കുകയാണ്. രാജ്യം ശക്തമായ നടപടിയെടുക്കുമ്പോൾ പാവപ്പെട്ട കർഷകരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.