
നിമിഷങ്ങളെ ചിത്രങ്ങളുടെ ചരിത്രങ്ങളാക്കി സൂക്ഷിക്കുന്ന വിദ്യയാണ് ഫോട്ടോഗ്രാഫി. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതും ഇന്ത്യ സ്വതന്ത്രയായതും ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതും കേരളം മഹാപ്രളയത്തിൽ  മുങ്ങിയതും കൊവിഡിൽ ലക്ഷക്കണക്കിന് മനുഷ്യജീവൻ പൊലിഞ്ഞതും ചരിത്ര സത്യങ്ങളാണല്ലോ. ഇന്ന് സി.സി.ടിവിയും ഫോൺ , ഓൺലൈൻ നെറ്റുവർക്കുകൾ മുതലായ ആധുനിക സൗകര്യങ്ങൾ നിലവിൽ വന്നപ്പോൾ എല്ലാം അനുനിമിഷം റിക്കാർഡ് ചെയ്യാനുള്ള സാദ്ധ്യതകളും വർദ്ധിച്ചു. വലിയ മീറ്റിംഗുകൾ പോലും വീഡിയോ കോൺഫറൻസി ലൂടെ നടത്താമെന്നുവരെയായി.
ഞാൻ ദൃക്സാക്ഷിയായ ഒരു സംഭവം പറയാം. അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും പ്രമുഖ വക്താവും എഴുത്തുകാരൻ, തത്ത്വചിന്തകൻ, മനഃശാസ്ത്രജ്ഞൻ, വാഗ്മി അതിലുപരി സ്നേഹംകൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ശ്രേഷ്ഠനായ സന്യാസി എന്നീനിലകളിൽ അറിയപ്പെട്ടിരുന്ന വ്യക്തിയാണ് ഗുരു നിത്യചൈതന്യ യതി. നമ്മുടെ പൊതുജീവിതവുമായി ഇത്രത്തോളം അടുത്ത് ഇടപഴകുകയും വിദ്യാഭ്യാസ മേഖലയെക്കുറിച്ചും ആരോഗ്യരംഗത്തെക്കുറിച്ചും ശാസ്ത്ര സാങ്കേതിക മേഖലകളെക്കുറിച്ചും സ്നേഹ സംവാദങ്ങളിലൂടെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന മറ്റൊരു സന്യാസി ഉണ്ടാകില്ല. കാപട്യങ്ങളില്ലാത്ത അദ്ദേഹത്തിന്റെ ജീവിതത്തിലെ പല മുഹൂർത്തങ്ങളും പകർത്താൻ എനിക്കവസരം കിട്ടിയിട്ടുണ്ട്. ആ ഫോട്ടോകളിൽ ചിലതിന്റെ പിൻബലത്തിൽ ഇന്ന് മഹാഗുരുക്കന്മാരായവർ വരെ നമുക്കിടയിലുണ്ട്. ഊട്ടി ഫേൺഹിൽ ആശ്രമത്തിലെ അദ്ദേഹത്തിന്റെ ദിനചര്യകളിലെ പ്രഭാത സവാരിയും സായാഹ്ന സവാരിയും ഏറെ പ്രസിദ്ധമാണ്. എന്നാൽ അധികമാരും അറിയാത്ത ഒരു മുഹൂർത്തത്തിന്റെ ദൃശ്യത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഊട്ടി സുഖവാസ കേന്ദ്രമാണെങ്കിലും ഫേൺഹിൽ ആശ്രമം കുറേക്കൂടി ഉള്ളിലേയ്ക്ക് മാറി മഞ്ചനക്കുറയ് എന്നഗ്രാമ പ്രദേശത്താണ്. തമിഴ്നാടായതിനാൽ ഇതിന്റെ ചുറ്റുപാടുമുള്ള സ്ഥലങ്ങൾക്ക് വൃത്തിയും വെടിപ്പും അല്പം കുറവാണെന്നകാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. 
ആ വൃത്തിഹീനമായ നാട്ടുവഴികളും വെട്ടുറോഡുകളും ഗുരു വൃത്തിയാക്കിയിരുന്നു എന്നുപറഞ്ഞാൽ സാധാരണഗതിയിൽ ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. ഗാന്ധിജയന്തി ദിനത്തിലും മറ്റും ഇന്നു പലരും നമ്മുടെ പത്രമാദ്ധ്യമങ്ങൾക്കും സോഷ്യൽ മീഡിയായ്ക്കും വേണ്ടി ഇങ്ങനെ ചെയ്യാറുണ്ട്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് അതായത് എൺപതുകളുടെ ആദ്യപാദങ്ങളിൽ ഇത്തരം മാദ്ധ്യമങ്ങൾ രംഗപ്രവേശം ചെയ്തിരുന്നില്ല എന്നകാര്യവും ഓർക്കുമല്ലോ. അതുകൊണ്ടുതന്നെ ഇതു മറ്റാരെയും കാണിക്കാൻവേണ്ടി ചെയ്യുന്ന പ്രവൃത്തിയായിരുന്നില്ല, ദിനചര്യയുടെ ഒരുഭാഗം മാത്രമായിരുന്നു. ശരീരവും മനസും വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം നമ്മുടെ പരിസരവും വൃത്തിയായിരിക്കണം എന്ന അദ്ദേഹത്തിന്റെ പ്രായോഗിക സമീപനത്തിന്റെ ദൃഷ്ടാന്തം, ലോകപ്രശസ്തനായ ഒരു സന്യാസി റോഡും ഇടവഴികളും ചൂലുകൊണ്ട് തൂത്ത് വൃത്തിയാക്കുന്നു. അന്തേവാസികളും തദ്ദേശീയരായ കുട്ടികളും ചേർന്ന് ആ ചപ്പും കുപ്പയും കൂട്ടിയിട്ടു തീ കത്തിക്കുന്നു. തികച്ചും അവിശ്വസനീയമായ ആ രംഗത്തിന്റെ നേർക്കാഴ്ചയാണ് ഇത്.
(ദത്തൻ പുനലൂരിന്റെ ഫോൺ: 9443032995)