
ഭൂമിയ്ക്ക് പുറത്തുള്ള എന്തിനെ പറ്റിയും മനുഷ്യന് കൗതുകം കൂടുതലാണ്. ബഹിരാകാശ ശബ്ദങ്ങൾ ഏവർക്കും കൗതുകവും അത്ഭുതവും ഉളവാക്കും. അത്തരക്കാർക്ക് വേണ്ടി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സോണിഫിക്കേഷൻ വീഡിയോകൾ പുറത്തുവിടാറുണ്ട്. അടുത്തിടെ ഭൂമിയിൽ നിന്നും 655 പ്രകാശവർഷം അകലെയുള്ള ഹെലിക്സ് നെബുലയുടെ സോണിഫിക്കേഷൻ വീഡിയോ ഏവരെയും ഞെട്ടിച്ചിരുന്നു.
ഡേറ്റയെ ശബ്ദ രൂപത്തിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യയാണ് ' സോണിഫിക്കേഷൻ '. ബഹിരാകാശത്ത് നമുക്ക് ശബ്ദം കേൾക്കാനാകില്ല. എന്നാൽ ബഹിരാകാശ വസ്തുക്കൾക്കുള്ളിൽ സംഭവിക്കുന്ന ചലനങ്ങളെ നമുക്ക് അവയുടെ ചിത്രങ്ങളെ സോണിഫിക്കേഷൻ ചെയ്യുന്നത് വഴി ശ്രവണരൂപത്തിൽ കേൾക്കാനാകും.
ഇത്തവണ ' ക്രാബ് ' നെബുലയുടെ സോണിഫിക്കേഷൻ വീഡിയോയാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയിൽ ക്രാബ് നെബുലയുടെ ചിത്രം കാണാം. നെബുലയിലെ നിറങ്ങളുടെ തരംഗദൈർഘ്യത്തിനനുസൃതമായാണ് ശബ്ദരൂപത്തിലേക്ക് മാറ്റിയിരിക്കുന്നത്.
കേട്ടാൽ ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള അതിമനോഹരമായ സിംഫണി പോലെയാണ് ക്രാബ് നെബുലയുടെ ' ശബ്‌ദം'. ഹോളിവുഡ് സിനിമകളിലെയൊക്കെ ബാക്ക്ഗ്രൗണ്ട് മ്യൂസികിനോട് സാമ്യമുണ്ട് ഇതിന്. നാസയുടെ ചന്ദ്ര എക്സ് - റേ ഒബ്സർവേറ്ററി, സ്പിറ്റ്സർ സ്പേസ് ടെലിസ്കോപ്പ്, ഹബിൾ ടെലിസ്കോപ്പ് എന്നിവ ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് നാസ ക്രാബ് നെബുലയുടെ ശബ്ദം സൃഷ്ടിച്ചിരിക്കുന്നത്.
ഭൂമിയിൽ നിന്നും 6,500 പ്രകാശ വർഷം അകലെ ടോറസ് നക്ഷത്ര സമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ക്രാബ് നെബുല എ.ഡി 1054ൽ സംഭവിച്ച ഒരു ഭീമൻ സൂപ്പർനോവയുടെ ( ഭീമൻ നക്ഷത്രങ്ങൾ അവയുടെ പരിണാമത്തിന്റെ അന്ത്യഘട്ടത്തിൽ അന്ത്യന്തം പ്രകാശത്തോടെ പൊട്ടിത്തെറിക്കുന്നത് ) അവശിഷ്ടമാണ്. 1731ലാണ് ക്രാബ് നെബുലയെ കണ്ടെത്തിയത്.