rajani

ചെന്നൈ: തമിഴ് സൂപ്പർതാരം രജനികാന്ത് മക്കളെ സേവിക്കാൻ 'ആട്ടോക്കാരനായി' രാഷ്‌ട്രീയ അവതാരം എടുക്കുമോ?​ രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി (എം.എസ്‌.കെ) എന്നാണെന്നും ചിഹ്നം ഓട്ടോറിക്ഷയാണെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പേരും ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു എന്നാണ് റിപ്പോർട്ട്. സാധാരണക്കാരെ പാർട്ടിയിലേക്ക് ആകർഷിക്കാനാണ് ഓട്ടോറിക്ഷ ചിഹ്നമാക്കിയത്. തന്റെ രാഷ്‌ട്രീയ പാർട്ടി ഈ മാസം 31ന് പ്രഖ്യാപിക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് രജനി ട്വീറ്റ് ചെയ്തിരുന്നു

നിർജ്ജീവമായിരുന്ന മക്കൾ ശക്തി കഴകം എന്ന പാർട്ടിയെ മക്കൾ സേവൈ കക്ഷിയെന്ന് പേര് മാറ്റിയെന്നാണ് വിവരം. പുതിയ പാർട്ടി രജിസ്റ്റർ ചെയ്തു ചിഹ്നം അനുവദിച്ചു കിട്ടാൻ വൈകുമെന്നതിനാലാണിത്.

രജനി ചിത്രം 'ബാബ'യിലെ ഇരുവിരലുകൾ ഉയർത്തിയുള്ള ഹസ്‌ത മുദ്ര‌യാണ് പാർട്ടി ചിഹ്നമായി മുൻഗണന നൽകി അപേക്ഷിച്ചിരുന്നത്. വമ്പൻ ഹിറ്റായ 'ബാഷ'യെ അനുസ്‌മരിപ്പിക്കുന്ന ഓട്ടോറിക്ഷയായിരുന്നു രണ്ടാം പരിഗണന. കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നവുമായി സാദൃശ്യമുള്ളതിനാൽ ഹസ്ത മുദ്ര തള്ളിയ തിരഞ്ഞെടുപ്പ് കമ്മിഷൻ, ഓട്ടോറിക്ഷ ചിഹ്നമായി അനുവദിക്കുകയായിരുന്നു.

രണ്ടര മാസം മുൻപാണ് മക്കൾ ശക്തി കഴകം തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനത്തിലൂടെ മക്കൾ സേവൈ കക്ഷി എന്നു മാറ്റിയത്.

 രജനി പറയും

'പാർട്ടിയുടെ പേരും ചിഹ്നവും രജനികാന്ത് പ്രഖ്യാപിക്കുംവരെ ആരും വിശ്വസിക്കരുത്" രജനി മക്കൾ മൺട്രം വാർത്താകുറിപ്പിൽ അറിയിച്ചു. ഹൈദരാബാദിൽ അണ്ണാത്തെയുടെ ലൊക്കേഷനിലാണ് രജനി. ചെന്നൈയിൽ എത്തിയശേഷം 31നാണ് പാർട്ടി പ്രഖ്യാപനം.

നാൻ ആട്ടോക്കാരൻ

ബാഷയിലെ മാണിക്കം എന്ന ഓട്ടോ ഡ്രൈവ‌ർ തമിഴ് മക്കൾ നെഞ്ചിലേറ്റിയ രജനിയുടെ വേഷമാണ്. ആയുധപൂജയ്ക്ക് ഓട്ടോ ഡ്രൈവ‌ർമാർ ബാഷയിലെ നാൻ ഓട്ടോക്കാരൻ എന്ന പാട്ട് പാടി ആഘോഷിക്കാറുണ്ട്. വൈരമുത്തു രചിച്ച ആ ജനപ്രിയ പാട്ട് ഇങ്ങനെ -

''നാൻ ആട്ടോക്കാരൻ,​ ആട്ടോക്കാരൻ...

നാലും തെരിഞ്ഞ റൂട്ട്ക്കാരൻ

ന്യായമുള്ള റേറ്റ്ക്കാരൻ

നല്ലവങ്ക കൂട്ടുക്കാരൻ

നല്ലാ പാടും പാട്ടുക്കാരൻ

ഗാന്ധി പിറന്ത നാട്ടുക്കാരൻ

നാൻ ഏഴൈക്കെല്ലാം സ്വന്തക്കാരൻ....''