
കൊച്ചി: ഹൈക്കോടതിയിലെ ഐ.ടി ഉദ്യോഗസ്ഥരുടെ നിയമനത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപെടൽ നിഷേധിച്ച് ഹൈക്കോടതി. ചീഫ് ജസ്‌റ്റിസിന്റെ അനുമതിയോടെയാണ് ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് ക്ഷണിച്ചതെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണ്ടെന്നും ഹൈക്കോടതി വിശദീകരണകുറിപ്പിൽ പറയുന്നു. 2018 ഫെബ്രുവരി 22ന് ചേർന്ന യോഗത്തിലാണ് താൽകാലിക ജീവനക്കാർ മതിയെന്ന തീരുമാനമെടുത്തത്. എൻ.വൈ.സി കഴിവില്ലാത്തവരാണെന്ന് സർക്കാർ പറഞ്ഞിട്ടില്ല, അവരെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ല. കോടതി കുറിപ്പിൽ പറയുന്നു.
ഉപസമിതി നിർദ്ദേശമനുസരിച്ച് ഇന്റർവ്യു ബോർഡിലേക്ക് വേണ്ട വിദഗ്ധരെ തയ്യാറാക്കിയത് അന്നത്തെ ഐ.ടി സെക്രട്ടറിയാണ്. ഇങ്ങനെ നിർദ്ദേശിച്ച ഏഴുപേരിൽ നിന്ന് രണ്ടുപേരെ ഇന്റർവ്യു ബോർഡിലേക്ക് ഉപസമിതി തിരഞ്ഞെടുത്തു. പിന്നീട് അഭിമുഖവും തിരഞ്ഞെടുപ്പും നടന്നത് ചീഫ് ജസ്‌റ്റിസിന്റെ അറിവോടെയാണ്. അതുകൊണ്ട് അന്വേഷണം വേണ്ടതില്ലെന്ന് ഹൈക്കോടതി കുറിപ്പിൽ പറയുന്നു. നാഷണൽ ഇൻഫെർമാറ്റിക് സെന്ററുമായി ചേർന്ന് കമ്പ്യൂട്ടർവൽക്കരണം തുടരുമെന്നും കോടതി പറഞ്ഞു.കമ്പ്യൂട്ടർവൽക്കരണവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടറൈസേഷഴ കമ്മിറ്റി ചെയർമാൻ ജസ്‌റ്റിസ് എ മുഹമ്മദ് മുഷ്‌താഖ് തയ്യാറാക്കിയ വസ്‌തുതാ വിവര റിപ്പോർട്ടിൽ എൻവൈസിക്ക് യോഗ്യതയില്ലെന്ന് സർക്കാർ അറിയിച്ചു എന്ന് നൽകിയിരുന്നു. ഇതാണ് ഇന്ന് ഹൈക്കോടതി നിഷേധിച്ചത്.