covid

ലണ്ടൻ: കൊവിഡ് 19 വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയതായി റിപ്പോർട്ട്. പുതിയ വൈറസിന് മുന്നത്തെക്കാൾ വ്യാപന നിരക്ക് കൂടുതലാണെന്നും റിപ്പോർട്ട്. പുതിയതായി കൊവിഡ് സ്ഥിരീകരിച്ച ആയിരത്തിലധികം രോഗികളിലാണ് പുതിയ ഇനം വൈറസിനെ കണ്ടെത്തിയത്. ഇത് വളരെ ആശങ്ക ഉയർത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക് വ്യക്തമാക്കി. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ ലണ്ടനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തീയറ്റർ, പബ്, റസ്റ്റോറന്റ് തുടങ്ങിയവ അടച്ചിടാനും തീരുമാനം.

കുടുംബാംഗങ്ങൾ അല്ലാത്തവരുമായി ഇടപഴകരുതെന്നും പൊതു സ്ഥലങ്ങളിൽ കൂട്ടംകൂടരുതെന്നും നിർദേശമുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് മാറ്റ് ഹാൻകോക് പറഞ്ഞു.

രൂപാന്തരം പ്രാപിച്ച പുതിയ കൊറോണ വൈറസ് അതിവേഗം പടരുന്നതും കുറഞ്ഞ സമയത്തിനുള്ളിൽ വീണ്ടും കൂടുതൽ ആളുകൾ രോഗത്തിന്റെ പിടിയിലാകുന്നതും ആശങ്കാജനകമാണെന്ന് ബ്രിസ്‌റ്റോൾ യൂണിവേഴ്‌സിറ്റി വൈറോളജി വിഭാഗത്തിലെ ആൻഡ്രൂ ഡേവിഡ്‌സൺ പറഞ്ഞു. ലണ്ടനിലും ദിനംപ്രതി രോഗികളുടെ എണ്ണത്തിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കടുത്ത വർധനവാണുണ്ടാകുന്നത്. രോഗം പടർന്നുപിടിക്കുന്ന സ്ഥലങ്ങളിൽ 11നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കായി കൊവിഡ് പരിശോധന ആരംഭിച്ചു.

പുതിയ വാക്‌സീനെയും ചികിത്സകളെയും പുതിയ വൈറസ് എത്രത്തോളം ബാധിക്കുമെന്നാണ് ഗവേഷകരുടെ ആശങ്ക. കഴിഞ്ഞയാഴ്ചയാണ് ബ്രിട്ടനിൽ ഫൈസർ വാക്‌സീൻ ഉപയോഗിച്ച് തുടങ്ങിയത്. അതിനിടിയിലാണ് ലണ്ടനുൾപ്പടെ വീണ്ടും നിയന്ത്രണങ്ങളിലേക്കു പോകുന്നത്.

അതേ സമയം, നിലവിലെ വൈറസിൽ നിന്നും വ്യത്യസ്തമായതും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയുമാണ് പുതിയ വൈറസ് എന്ന് കണ്ടെത്താൻ ഇതുവരെ കവിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന വിവിധ തരം വൈറസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും കാലക്രമേണ വൈറസിന്റെ ജനിതകഘടനയിൽ മാറ്രം വരുന്നത് സ്വാഭാവികമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ലോകത്ത് കൊവിഡ് ബാധിതർ 7.34 കോടി, യുകെയിൽ 18.6ലക്ഷം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി മുപ്പത്തി നാല് ലക്ഷം കടന്നു. 1.73 കോടി പേർ ഇതുവരെ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി പതിനേഴ് ലക്ഷം പിന്നിട്ടു. ബ്രിട്ടണിൽ കൊവിഡ് വൈഫസിന്റെ ജനിതക മാറ്റം റിപ്പോർട്ട് ചെയ്തതോടെ രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 18.69ലക്ഷം പേരാണ് നിലവിൽ രോഗ ബാധിതർ. 6.54 ലക്ഷം പേർ‌ ഇതുവരെ മരിച്ചതായാണ് കണക്ക് .