
ചെന്നൈ: നടിയും ടെലിവിഷൻ അവതാരകയുമായ ചിത്ര കാമരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഹേംനാഥ് അറസ്റ്റിൽ. ഇയാളെ തുടർച്ചയായി അഞ്ച് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നൽകിയ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. വിജയയെയും ചോദ്യം ചെയ്തു.
ചിത്ര അഭിനയിച്ച സീരിയയിലെ ഒരു രംഗം ഹേംനാഥിനെ ചൊടിപ്പിച്ചു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ വാഗ്വാദമുണ്ടായി. സെറ്റിൽ വച്ച് ഹേംനാഥ് വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും ഇതിന്റെ പേരിൽ ഹേംനാഥിനെ ഉപേക്ഷിക്കാൻ അമ്മ ചിത്രയോട് ആവശ്യപ്പെട്ടുവെന്നും പൊലീസ് പറയുന്നു. അമ്മയും ഭർത്താവും ചേർന്ന് നടിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
ചിത്ര മരിക്കുന്നതിന് മുമ്പ് ഫോണിൽ അമ്മയുമായി വഴക്കിട്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തി. അമ്മയെ ഇനിയും ചോദ്യം ചെയ്‌തേക്കും.
വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് ചിത്ര കാമരാജ്. കഴിഞ്ഞ ബുധനാഴ്ചയാണ് നടിയെ ചെന്നൈ നസ്രത്ത്‌പേട്ടിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മയും ഹേംനാഥുമായുള്ള വഴക്കുകൾ മൂലം ഡിസംബർ 4 മുതൽ ചിത്ര താമസിച്ചിരുന്നത് ഹോട്ടലിലായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ചിത്രയും ഹേംനാഥും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. ഒക്ടോബർ 19ന് ഇവർ വിവാഹം രജിസ്റ്റർ വിവാഹം ചെയ്തു. ഇത് ചിത്രയുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ അറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.