
 ഗാർഹിക സിലിണ്ടർ വില 700 കടന്നു
 വാണിജ്യ സിലിണ്ടറിനു കൂട്ടിയത്  36.50 രൂപ
ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയുടെ ദുരിതഭാരം ചുമക്കുന്ന സാധാരണക്കാർക്ക് തുടർച്ചയായ ഇന്ധന വിലവർദ്ധനവിനു പിന്നാലെ പാചകവാചക വില കുത്തനെ കൂട്ടിയും എണ്ണക്കമ്പനികളുടെ ഇരുട്ടടി. 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 50 രൂപ കൂട്ടി. ഇതോടെ എൽ.പി.ജിക്ക് തിരുവനന്തപുരത്തെ വില 703.5
രൂപയായി (ഇന്ത്യൻ ഓയിൽ). രണ്ടാഴ്ച മുമ്പ്, ഡിസംബർ രണ്ടിന് 50 രൂപ വില വർദ്ധിപ്പിച്ചതിന്റെ ഞെട്ടൽ മാറും മുമ്പാണ് അടുത്ത ആഘാതം. പുതുക്കിയ വില ഇന്നലെ നിലവിൽ വന്നു.
19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 36.50 രൂപയും തിരിച്ചറിയൽ കാർഡ് ഹാജരാക്കി വാങ്ങാവുന്ന 5 കിലോ സിലിണ്ടറിന് 18 രൂപയും കൂട്ടിയിട്ടുണ്ട്. 19 കിലോ സിലിണ്ടറിന് തിരുവനന്തപുരത്ത് വില 1334.5 രൂപയായി. 5 കിലോ സിലിണ്ടറിന് 261 രൂപ. അന്താരാഷ്‌ട്ര വില വർദ്ധന, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് കുത്തനെയുള്ള വിലവർദ്ധനവിനു കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്.
14.2 കിലോയുടെ 12 സിലിണ്ടറുകളാണ് ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ നേരത്തെ ലഭിച്ചിരുന്നത്. എൽ.പി.ജി വില കുറഞ്ഞപ്പോൾ, കഴിഞ്ഞ സെപ്‌തംബറിൽ കേന്ദ്രം സബ്സിഡി എടുത്തുകളഞ്ഞു. വില കൂടുമ്പോൾ സബ്സിഡി പുന:സ്ഥാപിക്കാമെന്ന് അന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയായി 100 രൂപ വർദ്ധിപ്പിച്ച സാഹചര്യത്തിൽ സബ്സിഡി വീണ്ടും നൽകേണ്ടതാണെങ്കിലും എണ്ണക്കമ്പനികൾക്ക് കേന്ദ്രം ഈ നിർദേശം നൽകിയിട്ടില്ല.
തീപിടിച്ച് ഇന്ധനം
രാജ്യാന്തര ക്രൂഡ് വില കൂടുന്നതു ചൂണ്ടിക്കാട്ടി നവംബർ 20 മുതൽ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കൂട്ടിയിരുന്നു. നവംബർ 20ന് 83.46 രൂപയായിരുന്ന പെട്രോൾ വില ഇപ്പോൾ 85.72 രൂപയാണ്. ഡീസൽ വില 76.60 രൂപയിൽ നിന്ന് 79.65 രൂപയായി. എട്ടു ദിവസമായി വിലയിൽ മാറ്റമില്ല.