afgan

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തിലും വെടിവയ്പ്പിലും ഡെപ്യൂട്ടി പ്രൊവിൻഷ്യൽ ഗവർണർ മഹ്ബൊബുല്ല മൊഹിബി ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു. കാബൂളിലെ മാക്രോറിയൻ പരിസരത്താണ് ബോംബാക്രമണം നടന്നത്. ഡെപ്യൂട്ടി പ്രൊവിൻഷ്യൽ ഗവർണറുടെ വാഹനവ്യൂഹത്തിൽ ഘടിപ്പിച്ചിരുന്ന സ്റ്റിക്കി ബോംബാണ് പൊട്ടിത്തെറിച്ചത്. ഇതിൽ രണ്ട് പേർ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ ഗാർഡുകളായ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ അഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് ഏരിഖ് അറിയിച്ചു. ആക്രമണത്തിൽ ഇതുവരെ ആരും തന്നെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

കാബൂളിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും ഒരു പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്തതായി കാബൂൾ പൊലീസ് മേധാവി വക്താവ് ഫെർദാവ്സ് ഫറമർസ് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ തലസ്ഥാനത്ത് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ ഭീകരാക്രമണത്തിൽ 50ഓളം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. പതിറ്റാണ്ടുകളായി നടക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാർ അവസാനിപ്പിക്കാൻ താലിബാൻ- അഫ്ഗാൻ സർക്കാർ ചർച്ചകൾ ഖത്തറിൽ നടക്കുമ്പോഴാണ് അഫ്ഗാനിസ്ഥാനിൽ ചെറുതും വലുതുമായ ആക്രമണങ്ങൾ തുടരുന്നത്.