miriam-rodriguez-

' ടേക്കൻ ' എന്ന ഹോളിവുഡ് ഹിറ്റ് ചിത്രവുമായി സാമ്യമുണ്ട് മെക്സിക്കോയിലെ സാൻ ഫെർനാണ്ടോ സ്വദേശിനിയായ മിറിയം റോഡ്രിഗസ് എന്ന അമ്മയുടെ കഥയ്ക്ക്. 20 വയസ് മാത്രം പ്രായമുണ്ടായിരുന്ന തന്റെ പ്രിയപ്പെട്ട മകളെ കൊന്നവരെ ഓരോന്നായി ഈ അമ്മ കീഴ്പ്പെടുത്തി നിയമത്തിന് മുന്നിൽ കൊണ്ടുവന്നു.

ക്രൂരമായ ആക്രമണ പരമ്പരകളുടെയും മയക്കുമരുന്നിന്റെയും പേരിൽ കുപ്രസിദ്ധമാണ് മെക്സിക്കോയിലെ കാർട്ടലുകൾ. അതിൽ ഒന്നായിരുന്നു ലോസ് സീറ്റാസ് ( Los Zetas ) എന്ന മെക്സിക്കൻ ഡ്രഗ്സ് കാർട്ടൽ. പേര് കേട്ടാൽ പോലും ആരും വിറയ്ക്കുന്ന അപകടകാരിയായ ഈ കുറ്റവാളി സംഘത്തിലെ 10 ക്രിമിനലുകളെയാണ് മിറിയം ഒറ്റയ്ക്ക് പിന്തുടർന്ന് പിടികൂടിയത്.

മകൾ കാരന്റെ മരണത്തിന് ശേഷം 2014 മുതലുള്ള തുടർച്ചയായ മൂന്ന് വർഷം നടത്തിയ അശാന്ത പരിശ്രമത്തിലൂടെയാണ് മിറിയം തന്റെ ദൗത്യം നിറവേറ്റിയത്. 2012ൽ കാറിൽ സഞ്ചരിക്കവെ കാരനെ കുറ്റവാളി സംഘം തട്ടിക്കൊണ്ടി പോയി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. അവർ ആവശ്യപ്പെട്ട തുക എത്ര കഷ്ടപ്പെട്ട് നൽകിയിട്ട് പോലും സംഘം കാരനെ വധിക്കുകയായിരുന്നു. കാരന്റെ മൃതദേഹം 2014ലാണ് കണ്ടെത്തിയത്.

കാർട്ടലിലെ ക്രിമിനലുകൾക്കെതിരെ പൊലീസ് പോലും വിരലനക്കാൻ മടിക്കുന്ന പ്രദേശമായിരുന്നു അവിടം. അത് തന്നെയാണ് കുറ്റവാളികളെ പിടികൂടാൻ മിറിയം തന്നെ ഇറങ്ങിത്തിരിക്കാൻ കാരണവും. മകളുടെ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മിറിയം രൂപത്തിലും ഭാവത്തിലും സ്വയം മാറ്റം വരുത്തി. മുടി ചെവിയ്ക്ക് മുകളിൽ വച്ച് മുറിച്ച ശേഷം കളർ ചെയ്തു.

പല പേരിൽ, പല തിരിച്ചറിയൽ രേഖകളുപയോഗിച്ച് ആരോഗ്യ പ്രവർത്തക മുതൽ ഇലക്ഷൻ ഓഫീസറുടെ വരെ വേഷത്തിൽ മെക്സിക്കോയിലുടനീളം സഞ്ചരിച്ചു. കുറ്റവാളികളുടെ പേരും വിവരവും കണ്ടെത്തി. അവരുടെ ഫോട്ടോകൾ തന്റെ ബാഗിൽ സൂക്ഷിച്ചു. സീറ്റാസ് കാർട്ടലിലെ അംഗങ്ങളുടെ കുടുംബവുമായി ബന്ധം സ്ഥാപിച്ചായിരുന്നു മിറിയത്തിന്റെ നീക്കം. അവരുമായി സൗഹൃദം സ്ഥാപിച്ച് കുറ്റവാളികൾ ഇപ്പോൾ എവിടെയാണെന്നും എന്ത് ചെയ്യുന്നെന്നും മിറിയം മനസിലാക്കി.

മിറിയത്തിന്റെ മകളെ കൊന്നവരിൽ ഒരാൾ തെരുവിൽ പൂക്കച്ചവടം ചെയ്തിരുന്നു. മിറിയം അയാളുടെ മുന്നിലെത്തിയ പാടേ തന്നെ അയാൾക്ക് മിറിയത്തെ മനസിലായി. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയോടിയ മിറിയം അയാളുടെ വസ്ത്രത്തിൽ പിടിച്ച് നിലത്തിട്ടു. ബാഗിനുള്ളിൽ നിന്നും തന്റെ പിസ്റ്റലെടുത്ത് അയാളുടെ കഴുത്തിൽ അമർത്തി.

അനങ്ങിയാൽ കൊന്നുകളയുമെന്ന് പറഞ്ഞു. പൊലീസ് വരുന്നതുവരെ മിറിയം ആ കുറ്റവാളിയെ തന്റെ കൈപ്പിടിയിലൊതുക്കിയിരുന്നു. 2016ലായിരുന്നു ഈ സംഭവം. മിറിയത്തിന് അന്ന് 56 വയസായിരുന്നു പ്രായം. ഇതുപോലെ തന്നെ മകളുടെ മരണത്തിന് പിന്നിലുണ്ടായിരുന്ന പത്ത് പേരെയും മിറിയം അഴിക്കുള്ളിലാക്കി.

ഒടുവിൽ മിറിയം പിടികൂടി ജയിലിലാക്കിയ ഒരാൾ തന്നെ ജയിൽച്ചാടി എത്തുകയും വീടിന് സമീപത്ത് വച്ച് മിറിയത്തെ വെടിവച്ച് കൊല്ലുകയുമായിരുന്നു. 2017 മേയ് 10ന് മെക്സിക്കോ മാതൃദിനം ആഘോഷിക്കുന്ന ദിവസമായിരുന്നു മിറിയത്തിന്റെ മരണം. 12 തവണയാണ് മിറിയത്തിന് വെടിയേറ്റത്.