
ലണ്ടൻ: വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരൻ ജോൺ ല കാറെ(89) അന്തരിച്ചു. ശനിയാഴ്ച ഇംഗ്ലണ്ടിലെ കോൺവാളിലുള്ള ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശീതയുദ്ധകാലത്ത് ചാരപ്രവർത്തനത്തിൽ നിന്നുകൊണ്ട് ലോകമെമ്പാടുമുള്ള വായനക്കാർക്ക് ഉജ്വല നോവലുകൾ നൽകിയ വ്യക്തിയായിരുന്ന ജോൺ. ബ്രിട്ടനിലെ ചാരഏജൻസിയിലെ ജോലി രഗസ്യമായി വയ്ക്കാൻ ഡേവിഡ് ജോൺ മൂർ കോൺവെൽ എന്ന യഥാർഥ പേരിനു പകരം ജോൺ ല കാറെ എന്ന തൂലികാനാമത്തിലാണ് ഇരുപത്തി അഞ്ചോളം രഹസ്യാന്വേഷണ നോവലുകൾ എഴുതിയത്. 'ദി സ്പൈ ഹു കാം ഇൻ ഫ്രം ദി കോൾഡ് " എന്ന പുസ്തകമാണ് ഏറ്റവും കൂടുതൽ വിറ്റുപോയ പുസ്തകം. കോൾ ഫോർ ദി ഡെഡ് ആണ് ആദ്യ നോവൽ. ടിങ്കർ ടെയ്‍ലർ സോൾജ്യർ സ്പൈ, സ്മൈലീസ് പീപ്പിൾ, ദി നൈറ്റ് മാനേജർ, എ പേർഫക്ട് സ്പൈ, എ ലെഗസി ഒഫ് സ്പൈസ്, ദി ലിറ്റിൽ ഡ്രമർ ഗേൾ, എ ലുക്കിങ് ഗ്ലാസ് വാർ തുടങ്ങിയവ ഏറ്റവും പ്രശസ്തമായ നോവലുകളിൽ ചിലത്. 1931 ൽ ബ്രിട്ടനിലെ ഡോർസെറ്റിലായിരുന്നു ജനനം. ഭാര്യ ജെയ്നിൽ മകൻ നികോളസ്, നിക്ക് ഹാർകെവേ എന്ന പേരിൽ പ്രശസ്തനായ നോവലിസ്റ്റാണ്.