m-b-rajesh

തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചെറിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നെങ്കിലും 20 മണ്ഡലങ്ങളില്‍ പത്തൊമ്പതിടത്തും തോല്‍ക്കുമെന്ന് സിപിഎമ്മോ എല്‍ഡിഎഫോ പ്രതീക്ഷിച്ചിരുന്നില്ല. അതിൽ തന്നെ ഏറ്റവും അപ്രതീക്ഷിതവുമായിരുന്നു പാലക്കാട് മണ്ഡലത്തിലെ എം ബി രാജേഷിന്റെ തോൽവി. അതിലും തീർന്നില്ല കാര്യങ്ങൾ, തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എം ബി രാജേഷിന്റെ വിജയഗാനവും സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇത് പാർട്ടിക്ക് മൊത്തത്തിൽ ക്ഷീണമായി.

നാളെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരും. കഴിഞ്ഞ തവണത്തെ അനുഭവം ഈ വട്ടം ആവർത്തിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥാനാര്‍ത്ഥികളെല്ലാവരും വിജയഗാനം ഒരുക്കുന്ന തിരക്കിലാണ്. എന്നാൽ പാട്ടൊരുക്കുന്ന വിവരം ഒരു കാരണവശാലും പുറത്ത് അറിയരുതെന്ന നിബന്ധനയോടെയാണ് സ്ഥാനാര്‍ത്ഥികളും പ്രവർത്തകരും സ്റ്റുഡിയോകളിലെത്തുന്നത്.

സ്ഥാനാര്‍ത്ഥിയുടെയും പാര്‍ട്ടിയുടേയും മുന്നണിയുടെയും വിശേഷണങ്ങളാണ് ഗാനത്തിലുണ്ടാവേണ്ടത്. ഇനി ചെയ്യാന്‍ പോവുന്ന കാര്യങ്ങളും ഉള്‍പ്പെടുത്തണം. എതിരാളിയെ വ്യക്തിപരമായി അവഹേളിക്കാൻ പാടില്ല. ന്യൂനതകള്‍ പറയാം.മാപ്പിളപ്പാട്ടുകള്‍ക്കും കലാഭവന്‍ മണിയുടെ നാടൻ പാട്ടിനുമാണ് ആവശ്യക്കാരേറെ. വിജയിച്ചാല്‍ മാത്രമേ വിജയഗാനത്തിന്റെ സിഡി തരേണ്ടതുള്ളൂ. ഗാനം ചെയ്തതിന്റെ പണം എന്തായാലും തരും. പരാജയപ്പെട്ടാല്‍ വന്ന കാര്യമേ അറിയാൻ പാടില്ല. വിജയിച്ചാല്‍ മാത്രം സിഡി എത്തിച്ചു തന്നാല്‍ മതിയെന്നുമാണ് നിർദേശങ്ങൾ.