
പാട്‌ന: ബീഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിൽ നിന്ന് രണ്ട് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു. രാമകാന്ത് റായ് (58), ബസന്തി ഒറാൻ (55) എന്നിവരെയാണ് ബീഹാർ പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തെന്നാണ് വിവരം.
കഴിഞ്ഞ ജൂലായ് പത്തിന് പശ്ചിമ ചമ്പാരൻ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നാല് മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാൻ ചിലർ പദ്ധതിയിടുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് ബഗാഹയിലെ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് പറഞ്ഞു.