sreesant

തിരുവനന്തപുരം: കൊവിഡിനെത്തുടർന്ന് നിറുത്തിവച്ചിരിക്കുന്ന ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ അടുത്ത മാസം സെയ്ദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റോടെ തിരികെയെത്തുന്നു. ഒത്തുകളിക്കേസിലെ വിലക്കിന്റെ പേരിൽ ഏഴുകൊല്ലമായി ക്രിക്കറ്റിൽ നിന്ന് മാറ്റിനിറുത്തിയിരിക്കുന്ന മലയാളി താരം എസ്.ശ്രീശാന്തും ഈ ടൂർണമെന്റിനുള്ള കേരള ടീമിലൂടെ മടങ്ങിയെത്തുകയാണ്.

ഇന്നലെ പ്രഖ്യാപിച്ച കേരളത്തിന്റെ 26 അംഗ സാധ്യതാ ടീമിൽ ശ്രീശാന്ത് ഇംപിടിച്ചു. ജനുവരി 10 മുതൽ 31 വരെയാണ് ടൂർണമെന്റ് .

തമിഴ്നാട് പ്രീമിയർ ലീഗ് മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ട്വന്റി-20 ലീഗിലൂടെ ഈ മാസം ശ്രീശാന്ത് മടങ്ങിയെത്തുമെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ടൂർണമെന്റ് നീട്ടിവച്ചതോടെ നിരാശരായ ആരാധകരെ ആഹ്ലാദത്തിലാഴ്ത്തിയാണ് മുഷ്താഖ് അലി ട്രോഫിക്കുള്ള സാധ്യതാ പട്ടികയിൽ ശ്രീശാന്തിനെ ഉൾപ്പെടുത്തിയത്.

ദേശീയ ടീമിൽ അംഗമായ സഞ്ജു സാംസൺ, കഴിഞ്ഞ സീസണിൽ കേരളത്തിനു വേണ്ടി കളിച്ച റോബിൻ ഉത്തപ്പ, ജലജ് സക്സേന തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്. ആരാണ് ക്യാപ്ടനെന്ന് വ്യക്തമാക്കിയിട്ടില്ല. മുൻ ഇന്ത്യൻ താരം കൂടിയായ ടിനു യോഹന്നാനാണ് മുഖ്യ പരിശീലകൻ.

അതേസമയം, ടൂർണമെന്റിന്റെ വേദി ഉൾപ്പെടെയുള്ള മറ്റു വിശദാംശങ്ങൾ ബി.സി.സി.ഐ ഇനിയും പുറത്തുവിട്ടിട്ടില്ല. അന്തിമ ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഡിസംബർ 20 മുതൽ 30 വരെ ആലപ്പുഴ എസ്.ഡി മൈതാനത്ത് സാധ്യതാ ടീമിലുള്ളവർക്കായി ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കുന്ന എല്ലാവർക്കും കോവിഡ് പരിശോധന നടത്തും. പ്രത്യേക ബയോ സെക്യുർ ബബിളിലായിരിക്കും ക്യാംപ്.

സാധ്യതാ ടീം :

റോബിൻ ഉത്തപ്പ, ജലജ് സക്സേന, സഞ്ജു സാംസൺ, വിഷ്ണു വിനോദ്, പി.രാഹുൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹിൻ കുന്നുമ്മൽ, സച്ചിൻ ബേബി, സൽമാൻ നിസാർ, ബേസിൽ തമ്പി, ശ്രീശാന്ത്, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, എൻ.പി. ബേസിൽ, അക്ഷയ് ചന്ദ്രൻ, സിജോമോൻ ജോസഫ്, എസ്. മിഥുൻ, അഭിഷേക് മോഹൻ, വത്സൽ ഗോവിന്ദ്, ആനന്ദ് ജോസഫ്, വിനൂപ് മനോഹരൻ, പി.കെ. മിഥുൻ, ശ്രീരൂപ്, കെ.സി. അക്ഷയ്, രോജിത്ത്, എം.അരുൺ

മടങ്ങിയെത്തുന്ന ശ്രീ

2013ലെ ഐ.പി.എൽ സ്പോട്ട്ഫിക്സിംഗ് കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്തവിലക്ക് 7 വർഷമായി ഓംബുഡ്സ്മാൻ വെട്ടിച്ചുരുക്കുകയും അതിന്റെ കാലാവധി ഈ വർഷം സെപ്തംബർ 13ന് അവസാനിച്ചിരുന്നു. മുപ്പത്തിയേഴുകാരനായ ശ്രീശാന്ത് 27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 2007ൽ ട്വന്റി-20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമുകളിൽ അംഗമായിരുന്നു. ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായും കളിച്ചു.