
ബംഗളൂരു: കന്നുകാലി കശാപ്പ് നിരോധന ബിൽ പരിഗണനയ്‌ക്കെടുക്കാനിരിക്കെ,
കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ കോൺഗ്രസ് ബി.ജെ.പി അംഗങ്ങൾ തമ്മിൽ വൻ സംഘർഷം.
കോൺഗ്രസ് അംഗങ്ങൾ ഡെപ്യൂട്ടി ചെയർമാനെ കൈയേറ്റം ചെയ്യുകയും കസേരയിൽ നിന്ന് വലിച്ചിഴച്ച് പുറത്താക്കുകയും ചെയ്തു. ബി.ജെ.പി അംഗങ്ങൾ ഇത് തടയാനെത്തിയതോടെ കൗ
ൺസിൽ അങ്ങേയറ്റം നാടകീയമായ സംഭവവികാസങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
75 അംഗ കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ചെയർമാനായ കോൺഗ്രസ് അംഗം പ്രതാപ് ചന്ദ്ര ഷെട്ടിക്കെതിരായ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ബി.ജെ.പി നീക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിനിടെ ചെയർമാൻ സീറ്റിലിരുന്ന ഡെപ്യൂട്ടി ചെയർമാൻ ജെ.ഡി.എസ് അംഗം ഭോജെഗൗഡയെ കോൺഗ്രസ് അംഗങ്ങൾ സീറ്റിൽ നിന്ന് പുറത്താക്കുകയായിരുന്നു.
പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കാനുണ്ടെന്ന യെദിയൂരപ്പ സർക്കാരിന്റെ അപേക്ഷയെ തുടർന്ന് ഗവർണറുടെ നിർദേശത്തിലാണ് കൗൺസിൽ വിളിച്ച് ചേർത്തത്. നിലവിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള സഭയിൽ ചെയർമാൻ സ്ഥാനത്ത് നിന്ന് കോൺഗ്രസ് അംഗത്തെ നീക്കം ചെയ്യുകയായിരുന്നു ഭരണകക്ഷിയുടെ ലക്ഷ്യം. 2018ൽ കോൺഗ്രസ് ജെ.ഡി.എസ് സർക്കാർ അധികാരത്തിലേറിയപ്പോഴാണ് പ്രതാപ് ചന്ദ്ര ഷെട്ടിയെ ചെയർമാനാക്കിയത്
കന്നുകാലി കശാപ്പ് നിരോധന ബില്ലിനെതിരെ വോട്ട് ചെയ്യാൻ കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇവരുടെ സഖ്യകക്ഷിയായ ജെ.ഡി.എസിന് ബില്ല് ഒരു കമ്മിറ്റി രൂപീകരിച്ച് ചർച്ച ചെയ്ത ശേഷം മാത്രം പാസാക്കണമെന്നാണ് അഭിപ്രായം. സഭ തുടങ്ങും മുൻപ് ബി.ജെ.പിയും ജെ.ഡി.എസും ഭോജെഗൗഡയെ ചെയർമാൻ സീറ്റിലിരുത്തിയെന്നും ഇത് നിയമവിരുദ്ധമാണെന്നുമായിരുന്നു കോൺഗ്രസിന്റെ വാദം.
തുടർന്ന് ഉപമുഖ്യമന്ത്രി അശ്വന്ത്നാരായണും കോൺഗ്രസ് എം.എൽ.സിമാരും തമ്മിൽ തർക്കമുണ്ടായി. കൈയാങ്കളിക്കൊടുവിൽ ചെയർമാൻ പ്രതാപ് ചന്ദ്ര ഷെട്ടിയെത്തി സഭ പിരിച്ചുവിടുകയായിരുന്നു.