
അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ തങ്ങളാണെന്ന് ബോക്കോ ഹറാം ഇസ്ലാമിക തീവ്രവാദി സംഘടന അവകാശപ്പെട്ടു. ജിഹാദി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചതിന്റെ തെളിവായി ഇത്തരം പ്രവർത്തനങ്ങളെ നിരീക്ഷകർ കാണുന്നു.
വടക്കുകിഴക്കൻ നൈജീരിയയിലെ കട്സിന സംസ്ഥാനത്തെ ഓൾ-ബോയ്സ് ഗവൺമെന്റ് സയൻസ് സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച വൈകിയാണ് സംഭവം നടന്നത്. ആക്രമണത്തിനിരയായ 333 വിദ്യാർത്ഥികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കട്സിനയിൽ സംഭവിച്ചത് ഇസ്‌ലാമിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഇസ്‌ലാമികേതര സമ്പ്രദായങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനുമാണെന്നും, പാശ്ചാത്യ വിദ്യാഭ്യാസം അല്ലാഹുവും അദ്ദേഹത്തിന്റെ പ്രവാചകനും അനുവദിച്ച വിദ്യാഭ്യാസമല്ലെന്നും ബോക്കോഹറാം നേതാവ് ശബ്ദ സംഭാഷണത്തിൽ പറഞ്ഞു.
കഴിഞ്ഞദിവസം തോക്കുധാരികളുമായി എത്തിയ അക്രമികൾസ്കൂളിൽ നിന്നും ഇറക്കിക്കൊണ്ടുവന്ന് ചുറ്റുമുള്ള കാട്ടിൽ വിവിധ ഭാഗങ്ങളിലായി ഒളിച്ചിരിക്കാൻ നിർബന്ധിച്ചതായി സംഘത്തിൽ നിന്നും രക്ഷപെട്ട വിദ്യാർത്ഥികൾ അധികൃതരോട് പറഞ്ഞിരുന്നു.
മോചനദ്രവ്യം ലഭിക്കുവാനായി തട്ടക്കൊണ്ടുപോകുന്നത് ഇവിടെ പതിവാണ്. വിദ്യാർത്ഥികളെ കൊണ്ടുപോയതും അത്തരത്തിലാകാമെന്നായിരുന്നു പൊതുവെ കരുതിയത്. തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തിയതായും സൈനിക നടപടി നടക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. സ്കൂളിൽ അക്രമണം നടന്നതോടെ പ്രദേശത്തെ എല്ലാ സ്കൂളുകളും താത്കാലികമായി അടച്ചിരിക്കുകയാണ്.