
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ക്രമസമാധാന നില കാശ്മീരിലേതിനെക്കാൾ മോശമാണെന്നും 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അടിയന്തരമായി കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു.
'സംസ്ഥാനത്തെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷൻ 15 പ്രകാരം, ബംഗാളിൽ അടിയന്തരമായി മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കണമെന്ന്' ബി.ജെ.പി. എം.എൽ.എ സബ്യസാചി ദത്ത ആവശ്യപ്പെട്ടു.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്, പൊലീസിന്റെ സഹായത്തോടെ ബി.ജെ.പിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്നും ബി.ജെ.പി കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്തെ സ്ഥിതിഗതികൾ മനസിലാക്കാൻ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ സുദീപ് ജയിനും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരും അടുത്തുതന്നെ പശ്ചിമ ബംഗാൾ സന്ദർശിക്കും. കഴിഞ്ഞദിവസം പശ്ചിമ ബംഗാൾ സന്ദർശനത്തിനെത്തിയ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ വാഹനത്തിന് നേരെ ആക്രമണം നടന്നിരുന്നു.