kerala

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ് മൂന്ന് മുന്നണികളും. ഫലം വരുമ്പോൾ ആരു ജയിക്കും ആരു തോൽക്കും എന്നെല്ലാം ഉള്ള വാദപ്രതിവാദങ്ങളും തകൃതിയായി നടന്നുവരികയാണ്. മൂന്ന് മുന്നണികളും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുമ്പോൾ തിരഞ്ഞെടുപ്പ് ഫലം വലിയ മാറ്റങ്ങൾക്ക് കാരണമാകുമോയെന്ന് ഉറ്റുനോക്കുകയാണ് ജനം.

16ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ

നിയമസഭാ തിരഞ്ഞെടുപ്പിനായി മാസങ്ങൾ മാത്രം ബാക്കി നിൽക്കെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഏറെ പ്രാധാന്യത്തോടെയാണ് മുന്നണികൾ നോക്കി കാണുന്നത്. ഭരണപക്ഷത്തുള്ള എൽ.ഡി.എഫിനും മുഖ്യമന്ത്രി പിണറായി വിജയനും തന്നെയാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാവുക. സ്വർണക്കടത്ത്,ലെെഫ്‌ മിഷൻ, ബിനീഷ് കോടിയേരി,തുടങ്ങി നിരവധി വിവാദങ്ങളിൽ കുരുങ്ങിയ സർക്കാരിന് തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണ എത്ര ലഭിക്കുമെന്നതാണ് ഇടത് കോട്ടകളിൽ ഉയരുന്ന ആശങ്ക.

പാർട്ടി സെക്രട്ടറി സ്ഥാനം കോടിയേരി ബാലക‌ൃഷ്ണൻ രാജിവച്ചിട്ടും പാർട്ടിക്ക് മേൽ വീണ കരിനിഴൽ മാഞ്ഞുപോയിട്ടില്ലെന്നതും ഇടതുമുന്നണിക്ക് തിരിച്ചടിയായിട്ടുണ്ട്. ശക്തമായ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വികസന പദ്ധതികളും നടപ്പിലാക്കിയത് സർക്കാരിന് ജനങ്ങൾ പിന്തുണ നൽകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് മുന്നണി.

സർക്കാരിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി വോട്ട് പിടിക്കാൻ ശ്രമിക്കുന്ന യു.ഡി.എഫിലെ ഉൾപ്പോര് തിരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് പാർട്ടി പ്രവർത്തകർ. തിരഞ്ഞെടുപ്പിന്റെ ഇടയിലും കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും ഇടയിൽ പതിവ് ഉൾപ്പോര് അരങ്ങേറി. നിരവധി പഞ്ചായത്തുകളിൽ അപരൻമാരെ നേരിടേണ്ടിവന്നതാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ഏറ്റ മറ്റൊരു തിരിച്ചടി.

കേരളാ കോൺഗ്രസിലുണ്ടായ പിളർപ്പും ജോസ് കെ.മാണിയുടെ മുന്നണി മാറ്റവും എല്ലാം തന്നെ യു.ഡി.എഫിന് തലവേദനയായി. ഇതിനൊപ്പം മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, കെ.എം. ഷാജി എംഎല്‍ അടക്കം ലീഗ് ചെന്നുപെട്ടിരിക്കുന്ന വയ്യാവേലികൾ വേറെയും. ഈ പ്രതിസന്ധികൾക്കിടയിലും സർക്കാരിന്റെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിപ്പിച്ച യു.ഡി.എഫ് ഏറെ പ്രതീക്ഷയാണ് പുലർത്തുന്നത്.

കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ എൻ.ഡി.എ ഇത്തവണ കേരളത്തിൽ പിടിക്കുമെന്നാണ് രാഷ്‌ട്രീയ വ‌ൃത്തങ്ങളിൽ നിന്നും ലഭ്യമാകുന്ന സൂചനകൾ.പാർട്ടി പ്രവർത്തനങ്ങളിലും പ്രചരണ പരിപാടികളിലും പതിവ് പോലെ മുന്നിലായിരുന്ന എൻ.ഡി.എയ്ക്ക് എന്നാൽ പ്രതീക്ഷിച്ച വിജയം നേടാനാകുമൊ എന്ന ആശങ്കയുണ്ട്.

ബി.ജെ.പിലെ സംസ്ഥാന നേതാക്കൾക്കിടയിൽ ഉണ്ടായിട്ടുള്ള ഭിന്നത ഇതിന് കാരണമായേക്കാം.സർക്കാർ വിരുദ്ധ വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചോ എൻ.ഡി.എയ്ക്ക് ലഭിച്ചോ എന്ന ആശങ്കയിലാണ് രാഷ്‌ട്രീയ നിരീക്ഷക‌ർ. ഈ വോട്ട് ആർക്കൊപ്പം നിൽക്കുമെന്നതാണ് കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന ചോദ്യത്തിന്റെ ഉത്തരം.