
കൊല്ലം : കൊല്ലം കോർപ്പറേഷനിൽ യു ഡി എഫിന് ഭരണം ലഭിക്കുമോ എന്ന കാര്യത്തിൽ അവ്യക്തതയുള്ളതായും കോർപ്പറേഷൻ ഭരണം ഉണ്ടാകുമെന്ന് തന്നെ വിശ്വസിക്കുന്നതായും ഷിബു ബേബി ജോൺ. നിലവിൽ യു.ഡി.എഫിനേയും വിമത ഭീഷണി ബാധിച്ച് തുടങ്ങിയെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
'ജില്ല പഞ്ചായത്തിൽ യു.ഡി.എഫ് വലിയ മുന്നേറ്റമുണ്ടാക്കും. ആർ.എസ്.പി ക്ക് ശക്തിക്കനുസൃതമായ വിധിയുണ്ടാകും. ആർ.എസ്.പി കഴിഞ്ഞ തവണത്തെക്കാൾ ഏറെ മുന്നിലെത്തും. യു.ഡി.എഫിന് ജില്ലയിൽ വൻ മുന്നേറ്റമുണ്ടാകും. ' അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണലിനുള്ള എല്ലാ തയ്യാറെടുപ്പുകളും കൊല്ലം ജില്ലയിൽ പൂർത്തിയായിരിക്കുകയാണ്. നാളെ രാവിലെ എട്ടുമുതൽ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനങ്ങൾ ഒൻപതു മണിയോടെ ലഭ്യമായിത്തുടങ്ങും. രണ്ട് മണിക്ക് മുൻപുതന്നെ ജില്ലയിലെ മുഴുവൻ ഫലങ്ങളും അറിയാൻ കഴിയുന്ന തരത്തിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
വിവിധ ഏജൻസികളും വകുപ്പുകളും സംയുക്തമായി സജ്ജമാക്കുന്ന കേന്ദ്രീകൃത സംവിധാനമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ, കേസ്വാൻ, കെൽട്രോൺ, ബി.എസ്.എൻ.എൽ, ഐ.ടി മിഷൻ, ഐ.കെ.എം, ജില്ലാ റവന്യൂ ഐ.ടി ടീം എന്നിവരുടെ പ്രതിനിധികളാണ് സംഘത്തിലുള്ളത്.
വോട്ടെണ്ണലിനായി ജില്ലയിലെ 16 വോട്ടെണ്ണൽ കേന്ദ്രങ്ങളും പൂർണസജ്ജമാണ്. ജില്ലാ പഞ്ചായത്ത് പോസ്റ്റൽ വോട്ടുകൾ കളക്‌ടറേറ്റ് ഹാളിൽ എണ്ണും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഡാറ്റാ അപ്‌ലോഡ് സെന്ററുകൾ മുഴുവൻ സമയവും പ്രവർത്തിക്കും.വോട്ടെണ്ണലിന്റെ വിവരങ്ങൾ തത്സമയം ഐ.ടി മിഷൻ നിയന്ത്രിക്കുന്ന സ്റ്റേറ്റ് ഡാറ്റാ സെന്ററിലെ സർവറിൽ നിന്ന് ഓൺലൈൻ വെബ്‌സൈറ്റിലേക്കെത്തും.