
തിരുവനന്തപുരം: തക്കല കുമാരകോവിലിലെ നൂറുൽ ഇസ്ലാം സർവകലാശാലയിൽ റിഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യ (ആർ.സി.ഐ) അംഗീകാരമുള്ള ബാച്ച്ലർ ഒഫ് ഓഡിയോളജി ആൻഡ് സ്‌പീച്ച് ലാംഗ്വേജ് പത്തോളജി (ബി.എ.എസ്.എൽ.പി) കോഴ്‌സിന്, വരുന്ന അദ്ധ്യയനവർഷം മുതൽ നിംസ് സ്‌പെക്‌ട്രം സ്‌കോളർഷിപ്പ് ലഭിക്കും.
സ്വന്തം കുടുംബത്തിൽ ഭിന്നശേഷിക്കാരായ (കാഴ്‌ചക്കുറവ്, കേൾവിക്കുറവ്, ഓട്ടിസം തുടങ്ങിയ) സഹോദരനോ സഹോദരിയോ ഉള്ള, പ്ളസ്ടു സയൻസിൽ 60 ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം. നാലുവർഷം നീളുന്ന കോഴ്‌സ് നൂറുൽ ഇസ്ളാം സർവകലാശാലയിലാണ് പഠിപ്പിക്കുന്നത്.
പഠനത്തിന്റെ ഭാഗമായ പരിശീലനം നിംസ് സ്‌പെക്‌ട്രം ശിശുവികസന ഗവേഷണ കേന്ദ്രത്തിലും പാളയം എൽ.എം.എസ് കോമ്പൗണ്ടിലുള്ള പോളിയോ ഹോമിലുമായി നടത്തും. നിംസ് സ്‌പെക്‌ട്രം ഡയറക്‌ടറും കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.എം.കെ.സി നായരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയാണ് സ്‌കോളർഷിപ്പിന് അർഹരായവരെ അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കുക. വിവരങ്ങൾക്ക് : 94963 86788