
ന്യൂഡൽഹി : കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രം തയാറാകാത്തതിനാൽ വീണ്ടും നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് മുന്നറിയിപ്പുമായി സാമൂഹിക പ്രവര്‍ത്തകൻ അണ്ണാ ഹസാരെ. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന് ഇക്കാര്യം അറിയിച്ചു കൊണ്ട് അണ്ണാ ഹസാരെ കത്തയച്ചു.
സ്വാമിനാഥൻ കമ്മിഷന്റെ നിര്‍ദേശങ്ങൾ നടപ്പാക്കുക, കമ്മിഷൻ ഫോർ അഗ്രികള്‍ച്ചറൽ കോസ്റ്റ് ആന്‍ഡ് പ്രൈസസിന് സ്വയംഭരണാവകാശം നല്‍കുക തുടങ്ങിയവയാണ് ഹസാരെ മുന്നോട്ട് വച്ച ആവശ്യങ്ങൾ.
ഇതേ ആവശ്യങ്ങളുടെ പേരിൽ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ റാലേഗാവ് സിദ്ധി ഗ്രാമത്തിൽ 2019 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാരിനെതിരെ ഹസാരെ നിരാഹാര സത്യഗ്രഹം തുടങ്ങിയിരുന്നു.
എന്നാൽ സ്വാമിനാഥൻ കമ്മിഷൻ നിര്‍ദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ചും മറ്റ് നിര്‍ദേശങ്ങൾ ചര്‍ച്ച ചെയ്യാൻ ഉന്നതാധികാര സമിതി രൂപവത്കരിക്കുന്നതിനെ പറ്റിയും അന്നത്തെ കൃഷിമന്ത്രി രാധാമോഹൻ സിംഗ് രേഖാമൂലം സഹിതം ഉറപ്പു നല്‍കിയതിനെ തുടർന്ന് 2019 ഫെബ്രുവരി അഞ്ചിന് ഹസാരെ നിരാഹാര സമരം അവസാനിപ്പിക്കുകയായിരുന്നു.
2019 ഒക്ടോബർ 30നകം ഉന്നതാധികാര സമിതി റിപ്പോർട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ, വാഗ്ദാനങ്ങൾ ഇതുവരെയും നടപ്പാക്കിയിട്ടില്ലെന്നും അതിനാൽ നിരാഹാര സത്യഗ്രഹം വീണ്ടും ആരംഭിക്കാൻ ആലോചിക്കുന്നതായും ഹസാരെ കത്തിൽ പറയുന്നു.