killer

ടോകിയോ: ഓൺലൈനിലൂടെ പരിചയപ്പെട്ടവരെ കൊലപ്പെടുത്തിയ കേസിൽ ട്വിറ്റർ കില്ലറിന് കോടതി വധശിക്ഷ വിധിച്ചു. ഓൺലൈനിലൂടെ പരിചയംസ്ഥാപിച്ച ഒൻപത് പേരെയാണ് തകാഹിറോ ഷിറൈശിയെന്ന 30കാരൻ കൊലപ്പെടുത്തിയത്. ട്വിറ്റർകില്ലർ എന്ന അപരനാമത്തിലാണ് ഇയാളെ അറിയപ്പെടുന്നത്. ആത്മഹത്യാപ്രവണത ഉണ്ടായിരുന്നവരാണ് ഇയാളുടെ ഇരകൾ. 15നും 26നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒരു പെൺകുട്ടിയുമുണ്ട്. ആത്മഹത്യ പ്രവണതയുള്ള പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരെ ട്വിറ്ററിലൂടെ പരിചയപ്പെടുകയും അവരുടെ പദ്ധതി നടപ്പിലാക്കാൻ സഹായിക്കാമെന്നും ഒപ്പം ആത്മഹത്യ ചെയ്യാമെന്നും ഇരകൾക്ക് വാഗ്ദാനം ചെയ്യുകയാണ് തകാഹിറോ ചെയ്യുന്നത്.

മരിച്ചാൽ പോലും ഷിറൈശിക്ക്​ മാപ്പ്​ നൽകില്ലെന്നായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന്റെ പ്രതികരണം. കൊല്ലപ്പെട്ടവരിൽ ഒരാൾ പോലും മരിക്കാനായി സമ്മതം നൽകിയില്ലെന്ന്​ വിധിപ്രസ്​താവന വേളയിൽ ജഡ്​ജി​ സൂചിപ്പിച്ചു. എന്നാൽ ഇരകൾ ആത്മഹത്യ പ്രവണതഉള്ളവരായിരുന്നതിനാൽ തന്റെ കക്ഷിക്ക് ജയിൽ ശിക്ഷ മാത്രം നൽകണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. കോടതിയിൽ 16 സീറ്റുകൾ മാത്രമേ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതെങ്കിലും 435 പേർ വിധി കേൾക്കാനെത്തി.

വധശിക്ഷ നിലവിലുള്ള ചു​രുക്കം ചില വികസിത രാജ്യങ്ങളിൽ ഒന്നാണ്​ ജപ്പാൻ. വധശിക്ഷക്ക്​ രാജ്യത്ത്​ ലഭിക്കുന്ന പിന്തുണയും വളരെയധികമാണ്​. ഒരു കുടുംബത്തിലെ നാല്​ പേരെ കൊലപ്പെടുത്തിയ ചൈനീസ്​ യുവാവിനെ 2019 ഡിസംബറിൽ തൂക്കിലേറ്റിയതാണ്​ അവസാനത്തെ സംഭവം.