yuvraj

മൊഹാലി : ക്രിക്കറ്റിൽനിന്ന് വിരമിച്ച മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിനെ അടുത്ത മാസം നടക്കുന്ന സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള ടീമിലെടുത്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ. ജനുവരി 10 മുതൽ 31 വരെയാണ് ടൂർണമെന്റ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളപഞ്ചാബിന്റെ 30 അംഗ സാധ്യതാ ടീമിലാണ് യുവ‌്‌രാജ് ഇടംപിടിച്ചത്.

എല്ലാ ഫോർമാറ്റുകളിൽനിന്നും കഴിഞ്ഞ വർഷം യുവ‌്‌രാജ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ, ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനായി കളിക്കണമെന്ന അഭ്യർഥനയുമായി പഞ്ചാബ് അസോസിയേഷൻ യുവ‌്‌രാജിനെ സമീപിച്ചിരുന്നു. കഴി‍ഞ്ഞ ദിവസമാണ് യുവ‌്‌രാജ് 39–ാം ജന്മദിനം ആഘോഷിച്ചത്.

വിരമിച്ച ശേഷവും മൊഹാലി സ്റ്റേഡിയത്തിൽ യുവരാജ് സിംഗ് പരിശീലനം തുടരുന്നുണ്ട്. അതേസമയം, പഞ്ചാബിനായി കളത്തിലിറങ്ങാൻ യുവ്‌രാജിന് ബി.സി.സി.ഐയുടെ അനുമതി വേണം. ബി.സി.സി.ഐയുടെ പ്രത്യേക അനുമതി വാങ്ങി കാനഡയിൽ നടന്ന ഗ്ലോബൽ ട്വന്റി-20 ലീഗിൽ യുവ്‌രാജ് കളിച്ചിരുന്നു. ക്രിക്കറ്റിൽ സജീവമായി നിൽക്കുന്ന താരങ്ങളെ വിദേശ ലീഗുകളിൽ കളിക്കാൻ ബി.സി.സി.ഐ അനുവദിക്കാറില്ല. സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച സാഹര്യത്തിലാണ് യുവരാജിന് അനുമതി നൽകിയത്. ഈ സാഹചര്യത്തിൽ ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും കളിക്കാനുള്ള നീക്കത്തോട് ബി.സി.സി.ഐ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല