vaccine-

ന്യൂഡല്‍ഹി: കൊവിഡ് വാക്സിൻ വിതരണം തുടങ്ങുന്നതിന് പിന്നാലെ പ്രതികൂല സംഭവങ്ങളുണ്ടായേക്കാനുള്ള സാധ്യത തള്ളാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. യു.കെ ഉൾപ്പെടെ വാക്സിൻ വിതരണം ആരംഭിച്ച രാജ്യങ്ങളിൽ വാക്സിൻ സ്വീകരിച്ചവരിൽ പ്രതികൂല പ്രതികരണങ്ങൾ ഉണ്ടായതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം സാഹചര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മുന്നൊരുക്കങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.

" വാക്സിനേഷന് പിന്നാലെ ഉണ്ടാകുന്ന പ്രതികൂല സംഭവങ്ങൾ ഗൗരവമേറിയ വിഷയമാണ്. വർഷങ്ങളായി രാജ്യമൊട്ടാകെ വിവിധ വാക്സിനേഷനുകൾ നടത്തുന്നുണ്ട്. ഇവയ്ക്ക് പിന്നാലെ കുട്ടികളിലും ഗര്‍ഭിണികളിലും ചില പ്രതികൂല ഫലങ്ങൾ കണ്ടിട്ടുണ്ട് " രാജേഷ് ഭൂഷൺ പറഞ്ഞു.

29,000 കോള്‍ഡ് ചെയിൻ പോയിന്റുകള്‍, 240 വാക്ക് ഇൻ കൂളറുകള്‍, 70 വാക്ക് ഇൻ ഫ്രീസറുകള്‍, 45,000 ഐസ് ലൈന്‍ഡ് റെഫ്രിജറേറ്ററുകള്‍, 41,000 ഡീപ്പ് ഫ്രീസറുകള്‍, 300 സോളാർ റെഫ്രിജറേറ്ററുകൾ തുടങ്ങി വാക്‌സിനേഷന് വേണ്ട നടപടി ക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതായും ഭൂഷൺ അറിയിച്ചു.