
മഡ്ഗാവ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ഹൈദരാബാദ് എഫ്.സി ഈസ്റ്റ് ബംഗാളിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി. ഇരട്ടഗോളുമായി കളം നിറഞ്ഞ അരിഡാനെ സന്റാനയാണ് ഹെദരാബാദിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഹാളിചരൺ നർസാരി ഒരു ഗോൾ നേടി. ജാക്വസ് മഗോമയാണ് ഈസ്റ്ര് ബംഗാളിന്റെ രണ്ട് ഗോളുകളും നേടിയത്. ഇരുപത്തിയാറാം മിനിട്ടിൽ മഗോമയിലൂടെ ഈസ്റ്ര് ബംഗാളാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ഐ.എസ്.എല്ലിൽ ഈസ്റ്ര് ബംഗാളിന്റെ ആദ്യ ഗോളായിരുന്നു ഇത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ഹൈദരാബാദ് അഞ്ചാം സ്ഥാനത്തെത്തി. കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരെണ്ണത്തിൽപ്പോലും ജയിക്കാനാകാത്ത ഈസ്റ്ര് ബംഗാൾ അവസാന സ്ഥാനത്താണ്.