smuggling

ബംഗളൂരു: പശുക്കളെ മോഷ്‌ടിച്ച് കശാപ്പ് ചെയ്‌ത ശേഷം മാംസം വില്പന നടത്തിയ കേസിൽ തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌രംഗ്ദൾ പ്രവർത്തകൻ അറസ്റ്റിൽ. കർണാടകയിലെ കാർക്കള ഡിവിഷൻ മുൻ കൺവീനർ അനിൽ പ്രഭുവാണ് പിടിയിലായത്. ഇയാൾ പശുക്കളെ മോഷ്‌ടിച്ച് കശാപ്പ് ചെയ്‌തിരുന്നുവെന്നാണ് പ്രാഥമിക വിവരം. പശുക്കളെ മോഷ്‌ടിക്കുന്നവർക്ക് പ്രതി സഹായങ്ങൾ ചെയ്‌തിരുന്നുവെന്നും പൊലീസ് കണ്ടെത്തിയെന്നാണ് സൂചന.

കഴിഞ്ഞ മാസം പശുവിന്റെ തലയും മാംസവുമായി അനിൽ പ്രഭുവുമായി അടുപ്പമുള്ളയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരാളും സംഭവത്തിൽ പിടിയിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനിൽ പ്രഭുവിനും സംഭത്തിൽ ബന്ധമുള്ളതായി വ്യക്തമായത്. പശുക്കളെ മോഷ്‌ടിക്കാനും മാംസം വിൽക്കാനും അനിൽ പ്രഭു സഹായം നൽകിയിരുന്നതായി പിടിയിലായവർ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞയാഴ്‌ചയാണ് കർണാടകയിൽ ഗോവധ നിരോധന ബിൽ നിയമസഭ പാസാക്കിയത്. ഉപരിസഭയിൽ ബിൽ പാസായി ഗവർണർ ഒപ്പുവയ്ക്കുന്നതോടെ കന്നുകാലികളെ കൊല്ലുന്നത് കർണാടകയിൽ നിയമവിരുദ്ധമാകും. ഇതനുസരിച്ച്, കന്നുകാലികളെ കശാപ്പ് ചെയ്യുന്നവർക്ക് 50,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ഏഴ് വർഷം വരെ തടവും ലഭിച്ചേക്കും.