twitter-killer

ടോക്കിയോ: സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട 9 പേരെ കൊലപ്പെടുത്തിയ ജപ്പാനിലെ 'ട്വിറ്റര്‍ കില്ലര്‍'ക്ക് വധശിക്ഷ. ടോക്കിയോ കോടതിയാണ് മുപ്പതുകാരനായ തകാഹിരോ ഷിറൈഷിക്ക് ശിക്ഷ വിധിച്ചത്. 2017 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 15നും 26നും ഇടയില്‍ പ്രായമുള്ള എട്ട് പെണ്‍കുട്ടികളെയും ഒരു പുരുഷനെയുമാണ് സീരിയല്‍ കില്ലറായ പ്രതി കൊലപ്പെടുത്തിയത്.


ട്വിറ്ററിലൂടെ പരിചയപ്പെടുന്ന ഇരകളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കൊലപാതകം നടത്തിയിരുന്നത്. മൃതദേഹം വെട്ടിനുറുക്കി വീട്ടില്‍ സൂക്ഷിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്. 9 പേരെയും താന്‍ കൊലപ്പെടുത്തിയെന്നത് സത്യമാണെന്ന് ഷിറൈഷി ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു. കൊലപ്പെട്ടവരെല്ലാം ജീവനൊടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ ആയിരുന്നുവെന്നും അവരുടെ സമ്മതത്തോടെ പ്രതി കൊലപാതകം നടത്തിയതെന്നും തകാഹിരോയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞെങ്കിലും ജഡ്ജി വാദം തള്ളി.

ഒന്‍പത് ചെറുപ്പക്കാരുടെ ജീവന്‍ അപഹരിക്കപ്പെട്ടത് അങ്ങേയറ്റം ഗുരുതരമാണ്. കൊല്ലപ്പെട്ടവര്‍ നിശബ്ദമായി പോലും കൊല്ലാനുള്ള സമ്മതം നല്‍കിയിട്ടില്ല.സമൂഹമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ വിധിപ്രസ്താവം കേള്‍ക്കാന്‍ കോടതിയിലും പുറത്തുമായി 400ലേറെ പേര്‍ എത്തിയിരുന്നു. ജപ്പാനില്‍ വധശിക്ഷ നടപ്പാക്കുന്നത് പ്രതികളെ തൂക്കിലേറ്റിയാണ്.


ട്വിറ്ററിലൂടെ ആളുകളുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് തകാഹിരോ ഷിറൈഷി ഇരകളെ കണ്ടെത്തിയിരുന്നത്. ട്വിറ്ററില്‍ 'ഹാംഗിംഗ് പ്രോ' എന്ന് സ്വയം വിശേഷിപ്പിച്ചാണ് ഇയാളെ ആളുകളുമായി അടുപ്പം പുലര്‍ത്തിയത്. ക്രൂരമായ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരുമായും ആത്മഹത്യ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നവരുമായും നിരവധി വെബ്സൈറ്റുകള്‍ മുഖേനെ ഇയാള്‍ ബന്ധപ്പെട്ടിരുന്നു. ആര്‍ക്കുവേണമെങ്കിലും സഹായം ചോദിക്കാമെന്നും സഹായിക്കാന്‍ താന്‍ ഒരുക്കമാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഈ മാര്‍ഗത്തിലൂടെയാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്.

കൊല്ലപ്പെട്ടവര്‍ സമ്മതമറിയിച്ചിരുന്നുവെന്ന ഷിറൈഷിയുടെ വാദം പോലീസ് തള്ളിക്കളഞ്ഞിരുന്നു. കൊല്ലപ്പെട്ടവരില്‍ പലരുടെയും തലയ്ക്ക് പുറകില്‍ ആഴത്തില്‍ മുറിവുകളോ മര്‍ദ്ദനമോ ഏറ്റിട്ടുണ്ട്. പുറകില്‍ നിന്ന് അപ്രതീക്ഷിതമായി ആക്രമിച്ചാകാം പ്രതി കൊലപാതകം നടത്തിയിരുന്നത്. സമ്മതത്തോടെയാണ് കൊല നടത്തിയതെന്ന പ്രതിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ തെളിവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഇരകളായ സ്ത്രീകളെ പ്രതി ബലാത്സംഗം ചെയ്തിരുന്നതായുള്ള സൂചനകളുമുണ്ട്.


23 വയസുകാരിയെ കാണാതായതോടെ നടത്തിയ അന്വേഷണമാണ് ഷിറൈഷിയിലേക്ക് എത്തിയത്. യുവതിയെ കാണാതായതോടെ സഹോദരന്‍ അവളുടെ ട്വിറ്റര്‍ പരിശോധിച്ചു. സഹോദരി ഷിറൈഷിയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തിയതോടെ ഇയാള്‍ പൊലീസില്‍ വിവരമറിയിച്ചു. പ്രതിയുടെ വീട്ടില്‍ പരിശോധനയിൽ വീട്ടിലെ രഹസ്യമുറിയില്‍ നിന്ന് ഒമ്പത് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ കഷണങ്ങളാക്കിയ നിലയിലായിരുന്നു. കൂളറിലും ടൂള്‍ ബോക്സിലുമായിട്ട് മൃതദേഹങ്ങളുടെ 240 ഭാഗങ്ങള്‍ കണ്ടെത്തി.