sv-pradeep

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ എസ്‌ വി പ്രദീപിന്റെ മരണം ഐ ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റയുടെ നിർദ്ദേശം. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി കേസന്വേഷണം വിലയിരുത്തും. ആവശ്യമുന്നയിച്ച്‌ പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ ഡി ജി പിയെ നേരിട്ടുകണ്ട് നൽകിയ നിവേദനത്തെ തുടർന്നാണ്‌ ഈ ഉത്തരവ്.

ഇന്നലെ വൈകിട്ട് 3.30നാണ് പിന്നാലെവന്ന വാഹനം പ്രദീപിന്റെ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു കടന്നുകളഞ്ഞത്. സ്വരാജ് മസ്ദ വാഹനമാണ് ഇടിച്ചതെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. വാഹനം ഏതാണെന്ന് രാത്രി വൈകിയും പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരത്തെ ഭാരത് ഇന്ത്യ എന്ന ഓൺലൈൻ ചാനൽ ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ കാരയ്ക്കാമണ്ഡപം ട്രാഫിക് സിഗ്നലിന് സമീപം അതേ ദിശയിൽ വന്ന വാഹനം സ്കൂട്ടറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പ്രദീപ് ഒരു വശത്തേക്കു തെറിച്ചുവീണു.

ഇടിച്ച വണ്ടി നിറുത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയ്‍ഹിന്ദ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളിൽ നേരത്തേ വാർത്ത അവതാരകനായിരുന്നു പ്രദീപ്.